
കാസർകോട്: സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം ഏപ്രില്‍ 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. സി. എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കരോക്കെ ചലച്ചിത്രഗാന മത്സരം, നാടന്‍പാട്ട് മത്സരം, വനിതാ പൂരക്കളി പ്രദര്‍ശനം, അവാര്‍ഡ്ദാന ചടങ്ങ്, മോഹിനിയാട്ടം, വയലിന്‍ ഫ്യൂഷന്‍, നാടന്‍ പാട്ട്, കപ്പിള്‍സ് ഡിബേറ്റ് 2022, സംഗീതരാവ് തുടങ്ങിയ പരിപാടികള്‍ സാംസ്‌കാരികോത്സവത്തിൻ്റെ ഭാഗമായി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ജില്ലയിലെ വനിതകള്‍ക്ക് സമം സാംസ്‌കാരികോത്സവത്തില്‍ പുരസ്‌കാരം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. എന്‍ സരിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എ. വി ശിവപ്രസാദ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.
