തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : കാസർകോട് ജില്ല തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്; മദ്യം,പണം വിതരണം എന്നിവ കണ്ടെത്താന്‍ പരിശോധനയ്ക്ക് 123 ഉദ്യോഗസ്ഥര്‍

  • Post category:local news
  • Reading time:1 min read
You are currently viewing തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : കാസർകോട് ജില്ല തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്; മദ്യം,പണം വിതരണം എന്നിവ കണ്ടെത്താന്‍ പരിശോധനയ്ക്ക് 123 ഉദ്യോഗസ്ഥര്‍

കാസർകോട്: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിനും ഒരു മാസക്കാലം നീണ്ട പ്രചരണ പരിപാടികള്‍ക്കും ശേഷം ജില്ലയിലെ വോട്ടര്‍മാര്‍ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ വകുപ്പും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് പതിവ് കൊട്ടിക്കലാശങ്ങളോ വലിയ പ്രകടനങ്ങളോ ഇല്ലാതെയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.

വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് ടോക്കണ്‍ നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. വൈകിട്ട് അഞ്ചു മണി മുതല്‍ ഒരു മണിക്കൂര്‍ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും നിരീക്ഷണത്തില്‍ ആകുന്നവര്‍ക്കും പി. പി. ഇ കിറ്റുകള്‍ ധരിച്ചു കൊണ്ട് പോളിങ് സ്റ്റേഷനുകളില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം.

2962 സ്‌പെഷ്യല്‍ വോട്ടേര്‍സായിരുന്നു ഡിസംബര്‍ 11 വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ 1447 പേര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു കഴിഞ്ഞു. ഡിസംബര്‍ 13 വരെ സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ സ്‌പെഷ്യല്‍ പോസറ്റല്‍ ബാലറ്റ് വിതരണം ചെയ്യും.

അതേസമയം, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി വോട്ടര്‍മാര്‍ക്ക് ചില കേന്ദ്രങ്ങളില്‍ മദ്യവും പണവും വിതരണം ചെയ്യുന്നതായി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 41 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഭാഗമായി ഒരു തദ്ദേശ ഭരണസ്ഥാപനത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ വീതം പരിശോധനയ്ക്ക് നിയോഗിച്ചതായി ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ആകെ 123 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍പണം, മദ്യം, ഉപഹാരങ്ങള്‍ വിതരണം ചെയ്യാനിടയുള്ള ജനങ്ങള്‍ കൂടിച്ചേരുന്ന കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് ഇവ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ രഹസ്യറിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് ശേഷം കൈമാറും. കുറ്റം തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനത്തിന് അയോഗ്യരാക്കുന്നത് ഉള്‍പ്പടെയുള്ള നടപടിയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.

0Shares