
സംസ്ഥാനത്തെ മറ്റു ജില്ലകൾക്ക് സമാനമായി കോവിഡ് വ്യാപനനിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. എട്ടു പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീലേശ്വരം, കാഞ്ഞങ്ങാട് അടക്കം 15 ഇടത്തെ നിയന്ത്രണം ഒരാഴ്ച കൂടി തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്. ചൊവ്വാഴ്ച നാല് പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് മുകളിലാണ്. അതായത് പരിശോധിക്കുന്നവരിൽ പകുതിയിലേറെ പേർക്കും കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലമാണ്. ഇന്നലെ 1063 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ പതിനായിരത്തോളം ആളുകളാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.
