
കാസര്‍കോട് ജില്ലയുടെ കളക്ടര്‍ സ്ഥാനത്ത് നിന്നും ഡോ. സജിത് ബാബു സ്ഥലം മാറി പോവുകയാണ്. അദ്ദേഹത്തിനെ സര്‍ക്കാര്‍ സിവിൽ സപ്ലൈസ് ഡയറക്ടറായി നിയമിച്ചു. സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ അഡീഷണൽ ചാർജ് കൂടി സജിത് ബാബുവിന് നൽകിയിട്ടുണ്ട്.
ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആണ് പുതിയ കാസർകോട് കളക്ടർ. ഇത് ആദ്യമായാണ് കാസർകോട് കളക്ടറായി ഒരു വനിത നിയമിതയാകുന്നത്. മൂന്ന് വർഷത്തോളമായി കാസർകോട് കലക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു ഡോ.സജിത് ബാബു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ജനങ്ങളുടെ നന്ദിയും ആശംസകളുമായി കളം നിറയുകയാണ് ഇരുവരും.

നേട്ടങ്ങളും കോട്ടങ്ങളും സജിത്ത് ബാബുവിന്‍റെ കാലഘട്ടത്തിലെ ജില്ലയ്ക്ക് എങ്ങിനെ എന്ന് ‘കാസര്‍കോടിനൊരിടം’ എന്ന ഗ്രൂപ്പില്‍ സജീവ ചര്‍ച്ച നടന്നു. ടൂറിസം മേഖലയിലെ ഉന്നമനത്തിന് വേണ്ടിയും ജല വിഭവ ശേഷി പരിപോഷിപ്പിക്കുന്നതിനും ജില്ലയുടെ മുഖച്ഛായ മാറ്റുന്നതിലും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ ശ്ലാഖനീയമാണ്. കാസർകോട് കഫെയും തിയ്യേയറ്ററിക്‌സ് സൊസൈറ്റിയും മാറിയ കലക്ട്രേറ്റ് പരിസരവും ചെറിയ ഉദാഹരണങ്ങൾ മാത്രമെന്ന് ഗ്രൂപ്പിലെ പോസ്റ്റില്‍ പറയുന്നു. എതിരഭിപ്രായങ്ങളും കമന്റുകളായി എത്തുന്നുണ്ട്.
കാസർകോട് ന്‍റെ സമൂല മാറ്റത്തിനും ജനകീയ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായി പ്രവർത്തിക്കാൻ ഭണ്ഡാരി സ്വാഗതിന് കഴിയട്ടെ എന്ന ശുഭപ്രതീക്ഷയാണ് ഏവരും ഒരുപോലെ പങ്കുവെക്കുന്നത്.
