കോടോത്ത് ഐ. ടി. ഐയ്ക്ക് ഭൂമി അനുവദിക്കണം; കാര്യങ്കോട് പാലം: അപകടാവസ്ഥ പരിഹരിക്കണം; ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

  • Post category:local news
  • Reading time:2 mins read
You are currently viewing കോടോത്ത് ഐ. ടി. ഐയ്ക്ക് ഭൂമി അനുവദിക്കണം; കാര്യങ്കോട് പാലം: അപകടാവസ്ഥ പരിഹരിക്കണം; ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

ദേശീയപാത 66 ല്‍ കാര്യങ്കോട് പാലത്തിൻ്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ദേശീയ പാത അതോറിറ്റി അധികൃതരോട് ജില്ലാ വികസന സമിതിയോഗം നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥര്‍ അടിയന്തര പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. എം.രാജഗോപാലന്‍ എം എല്‍ എ യാണ് വിഷയം ഉന്നയിച്ചത്. പാലം പരിശോധിച്ചിരുന്നുവെന്നും പാലത്തിൻ്റെ തെക്ക് ഭാഗത്ത് നിന്നുള്ള മൂന്നാമത്തെയും നാലാമത്തേയും തൂണുകള്‍ താഴ്ന്നതായി കാണപ്പെടുന്നുണ്ടെന്നും എക്സ്പാന്‍ഷന്‍ ജോയിന്റ് ക്രമാതീതമായി വികസിച്ചിട്ടുണ്ടെന്നും ദേശീയ പാത അസി.എക്സിക്യുട്ടിവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലത്തില്‍ വാഹനങ്ങള്‍ പ്രവേശിക്കുമ്പോഴുള്ള കുലുക്കം ബെയറിംഗ് കേടുപാടുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും പാലത്തിൻ്റെ സൂപ്പര്‍ സ്ട്രക്ചറിൻ്റെ മൂലകളിലുള്ള കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നു വീണിട്ടുണ്ടെന്നും അറിയിച്ചു. അപാകതകള്‍ പരിഹരിക്കുന്നതിന് മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ദേശീയ പാത വികസന പ്രവൃത്തി നടക്കുന്നതിനാല്‍ എസ്റ്റിമേറ്റ് അനുമതി ലഭിച്ചിരുന്നില്ല. ദേശീയ പാതയുടെ പരിപാലനവും ദേശീയപാത അതോറിറ്റിയുടെ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ പാത വികസന അതോറിറ്റിയോട് യോഗം ആവശ്യപ്പെട്ടു.

വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കെ. എസ്. ആര്‍. ടി. സി ബസ് സര്‍വീസ് പുന:സ്ഥാപിക്കണമെന്ന് ഇ ചന്ദ്രശേഖരന്‍ എം. എല്‍. എ ആവശ്യപ്പെട്ടു. ഇടത്തോട് – നീലേശ്വരം റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടി ത്വരിതപ്പെടുത്തണമെന്ന് എം.എല്‍. എ ആവശ്യപ്പെട്ടു. കോടോത്ത് ഐ. ടി. ഐയ്ക്ക് ഭൂമി അനുവദിക്കണം

പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിൻ്റെ പ്രവൃത്തികളുടെ കാലതാമസം സംബന്ധിച്ച് പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. റിസര്‍വ്വേ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഊര്‍ജിത നടപടിയുണ്ടാകണമെന്ന് സി. എച്ച് കുഞ്ഞമ്പു എം. എല്‍. എ പറഞ്ഞു. പതിനൊന്നു വില്ലേജുകളില്‍ കൂടി റീസര്‍വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കശുവണ്ടി സംഭരണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കണമെന്നും നിര്‍മാണം പൂര്‍ത്തീകരിച്ച ഹൈമാസ്റ്റ് മിനിമാസ്റ്റ് ലൈറ്റുകളുടെ തുക അനുവദിക്കുന്നതിന് കാലതാമസം ഒഴിവാക്കി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മംഗലാപുരത്തും മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും മരിച്ച കാസര്‍കോടുകാരുടെ ആശ്രിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ പറഞ്ഞു. കാസർകോട് ആര്‍.ഡി.ഒ കോംപ്ലക്സ് മിനിസിവില്‍ സ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടിയുണ്ടാകണം. കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തിൻ്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ പരിഹരിക്കരിക്കണമെന്നും തളങ്കര ടൂറിസം വികസനം യാഥാര്‍ത്ഥ്യമാക്കണമെന്നും എം. എല്‍. എ പറഞ്ഞു

മംഗല്‍പാടി പഞ്ചായത്തിലെ കുബന്നൂര്‍ വി.സി.ബി കംബ്രിഡ്ജ് പുതുക്കി പണിയണമെന്ന് എ. കെ. എം അഷറഫ് എം. എല്‍. എ പറഞ്ഞു. ഇതിന് ഭരണാനുമതി നല്‍കിയതായി കാസർകോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് സ്പെഷ്യല്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ ചേര്‍ന്ന് തീരുമാനമെടുക്കണം എന്ന് എം.എല്‍.എ പറഞ്ഞു.

അക്കേഷ്യ മരങ്ങള്‍ മുറിച്ചു നീക്കം ചെയ്യാന്‍ നടപടി ത്വരിതപ്പെടുത്തണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. 105 ഹെക്ടര്‍ അക്കേഷ്യ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്ന് ഡി. എഫ്. ഒ അറിയിച്ചു. അനുമതി ലഭിച്ചാല്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. വലിയ പറമ്പയില്‍ കല്ലുമ്മക്കായ വിത്തുല്പാദന കേന്ദ്രം ആരംഭിക്കുന്നതിന് റവന്യു ഭൂമി ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ എ. ഡി.എം എ. കെ രമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ് മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. എല്‍. എ മാരായ എ. കെ. എം അഷറഫ്, എന്‍. എ നെല്ലിക്കുന്ന് , സി. എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. പി വത്സലന്‍ , നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി വി .ശാന്ത, കാസർകോട് എം പി യുടെ പ്രതിനിധി സാജിദ് മൗവല്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

0Shares