രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്ന വാദത്തെ തള്ളി കാസര്‍കോട് ജില്ലാ കമ്മിറ്റി; രാഷ്ട്രീയത്തിൽ ഏകോപന സമിതിക്ക് സ്വതന്ത്ര നിലപാട് : കെ. അഹമ്മദ് ഷെരീഫ്

  • Post category:local news
  • Reading time:1 min read
You are currently viewing രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്ന വാദത്തെ തള്ളി  കാസര്‍കോട് ജില്ലാ കമ്മിറ്റി;  രാഷ്ട്രീയത്തിൽ ഏകോപന സമിതിക്ക് സ്വതന്ത്ര നിലപാട് : കെ. അഹമ്മദ് ഷെരീഫ്

കാസർകോട്: കേരളത്തിലെ ചെറുകിട വ്യാപാരികളും വ്യവസായികളും നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതാത് കാലത്ത് ബന്ധപ്പെട്ട അധികാരികളുടെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരികയും അവയ്ക്ക് ഉചിതമായ പരിഹാരങ്ങൾ തേടുകയും ചെയ്യുന്നതിനായി രൂപം കൊണ്ട സംഘടനയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെന്ന് സംഘടനയുടെ കാസര്‍കോട് ജില്ലാപ്രസിഡൻറ് കെ. അഹമ്മദ് ഷെരീഫ്.

നാളിതു വരെ അത്തരം പ്രശ്നങ്ങളെല്ലാം നയപരമായ ഇടപെടലുകളിലൂടെയും , ആവശ്യമായ സന്ദർഭങ്ങളിൽ സമ്മർദ്ദങ്ങൾ ചെലുത്തി കൊണ്ടും സമര മാർഗ്ഗങ്ങളിലൂടെയും കാലാകാലങ്ങളിൽ കൈകാര്യം ചെയ്യുവാനും പരിഹരിക്കുവാനും സംഘടനക്ക് സാധിച്ചിട്ടുണ്ട്. തികച്ചും നിഷ്പക്ഷമായും രാഷ്ട്രീയ, മത, സാമുദായിക വേർതിരിവുകൾക്കെല്ലാം അതീതമായും നിലകൊണ്ടതു കൊണ്ടാണ് ഏകോപന സമിതിക്ക് അത് സാധിച്ചതെന്നും അദ്ദേഹം പറയുന്നു.

പ്രശ്നാധിഷ്ഠിതമായിട്ടല്ലാതെ ഒരു നിലപാടുകളും സംഘടന ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഈ സംഘടനയ്ക്കകത്ത് വിവിധ മതവിശ്വാസികളും വ്യത്യസ്ത രാഷ്ട്രീയ ചായ്‌വുള്ളവരും വ്യാപാരികൾ എന്ന നിലയിൽ പ്രവർത്തിക്കുന്നുണ്ട്. സംഘടനയുടെ അംഗം ആയിരിക്കുമ്പോൾ തന്നെ അതിനുള്ള സ്വാതന്ത്ര്യം സംഘടനയുടെ ഭരണഘടന അനുവദിക്കുന്നുമുണ്ട്. അതു കൊണ്ടു തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയോ രാഷ്ട്രീയമായ പ്രത്യേക ചേരികളോട് ചേർന്നു നിൽക്കുകയോ ചെയ്യുന്ന പ്രശ്നം ഉദിക്കുന്നില്ല. ഇത്രയും കാലം പ്രവർത്തിച്ചു വന്നതു പോലെ തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി തികച്ചും നിഷ്പക്ഷമായും എന്നാൽ പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ അതിന് അനുസൃതമായും ഉള്ള നിലപാടുകൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുമെന്നും അഹമ്മദ് ഷെരീഫ് വ്യക്തമാക്കി .

അതുകൊണ്ടുതന്നെ രാഷ്ട്രീയ പാർട്ടി രൂപികരണത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഏകപക്ഷീയമായി പിന്തുണ പതിച്ചു നൽക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ജനുവരി ഇരുപത്തിആറാം തീയതി ചേർന്ന കാസര്‍കോട് ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഐക്യകണ്ടേനെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തീരുമാനിച്ചതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

0Shares