
തെരഞ്ഞെടുപ്പിൽ ജോലിയിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന് മറുപടിയുമായി കെ.കുഞ്ഞിരാമൻ എം.എൽ.എ. പ്രിസൈഡിംഗ് ഓഫീസറാണ് പ്രശ്‌നമുണ്ടാക്കിയതെന്നും രവികുമാർ എന്നയാളെ വോട്ട് ചെയ്യാൻ സമ്മതിക്കാതിരുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോഴാണ് താനങ്ങോട്ടേക്ക് പോയതെന്നും എം.എൽ.എ പറഞ്ഞു. ഒരു വോട്ടറുടെ അവകാശം നിഷേധിക്കാൻ തുനിഞ്ഞപ്പോഴാണ് ഇടപെട്ടത്.

യഥാർത്ഥത്തിൽ വോട്ടറെ തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറുടെ പേരിലാണ് കേസെടുക്കേണ്ടതെന്നും കെ.കുഞ്ഞിരാമൻ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയന്ന് ആരോപിച്ച് പ്രിസൈഡിംഗ് ഓഫീസറായിരുന്ന കാർഷിക സർവകലാശാല അധ്യാപകൻ കെ.എം ശ്രീകുമാറാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. എന്നാൽ എം.എൽ.എക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു.
പ്രിസൈഡിംഗ് ഓഫീസറായ കെ.എം ശ്രീകുമാർ കള്ളവോട്ട് സംബന്ധിച്ച് പരാതി നൽകിയിട്ടില്ല. കള്ളവോട്ട് നടന്നെങ്കിൽ പ്രിസൈഡിംഗ് ഓഫീസർക്ക് വോട്ടിംഗ് നിർത്തി വെയ്ക്കാമായിരുന്നു. രേഖകൾ പരിശോധിക്കാനുള്ള അധികാരം പ്രിസൈഡിംഗ് ഓഫീസർക്കല്ല ഒന്നാം പോളിംഗ് ഓഫീസർക്കാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
