കൊലക്കേസ് പ്രതി കാസർകോട് കൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് ഷാനു വധക്കേസിലെ ഒന്നാം പ്രതി

You are currently viewing കൊലക്കേസ് പ്രതി കാസർകോട് കൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് ഷാനു വധക്കേസിലെ ഒന്നാം പ്രതി

കാസർകോട്: കൊലക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തി പള്ളത്തെ റഷീദ് എന്ന സമൂസ റഷീദിനെയാണ് കുറ്റിക്കാട്ടിൽ തലയിൽ കല്ലിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.

കുമ്പള ഐഎച്ച്ആര്‍ഡി കോളേജിന് പിന്നിലെ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് ഷാനു വധക്കേസിലെ ഒന്നാം പ്രതിയാണ് റഷീദ്. മൈതാനത്ത് കളിക്കാനെത്തിയ കുട്ടികളാണ് ചോരപ്പാട് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകം എന്നാണ് പൊലിസിൻ്റെ പ്രാഥമീക നിഗമനം. കൊലചെയ്‌ത ശേഷം വലിച്ചിഴച്ചു കൊണ്ടുപോയ പാടുകളും രക്തക്കറകളും സ്ഥലത്തുണ്ട്. നിരവധി കേസുകളിലെ പ്രതിയായ യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

2019ലാണ് പ്രമാദമായ ഷാനു കൊലക്കേസ് നടന്നത്. കാസർകോട് നായക്‌സ് റോഡിന് സമീപത്തെ ആള്‍ താമസമില്ലാത്ത പറമ്പിലെ കിണറ്റില്‍ ഷാനുവിനെ കൊന്ന് തള്ളുകയായിരുന്നു. ഷാനുവിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ലഹരി മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ജാമ്യത്തിലിറങ്ങിയ പ്രതി വിദ്യാനഗറിലെ വാടക ക്വാർട്ടേഴ്‌സിലാണ് താമസം. കേസില്‍ അടുത്തിടെയാണ് പൊലിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. റഷീദിനെതിരെ കുമ്പള, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.

0Shares