
കാസര്‍കോട്: ബ്ലോക്ക് പുനഃസംഘടനയില്‍ പുറത്തായിപ്പോയ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലും ഒരു വിട്ടുവീഴ്‌ചക്കും ഇല്ലെന്ന ഉറച്ച തീരുമാനത്തില്‍ ഔദ്യോഗിക പക്ഷവും മുന്നോട്ടു പോകുമ്പോള്‍ കാസര്‍കോട് കോണ്‍ഗ്രസിലെ ഗ്രൂപ്പുതര്‍ക്കം പുകഞ്ഞു കത്തുന്നു. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ സംസ്ഥാന ക്യാമ്പ് ബഹിഷ്‌കരിക്കാനും ഉമ്മൻചാണ്ടിയോട് അടുപ്പമുള്ള സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് വിവരം.
വെള്ളിയാഴ്‌ച രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡി.സി.സി യോഗത്തില്‍ നിന്ന് എ ഗ്രൂപ്പ് നേതാക്കള്‍ വിട്ടുനിന്നത് കടുത്ത അതൃപ്‌തിക്ക് കാരണമായിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി മെമ്പര്‍മാരില്‍ കെ.വി ഗംഗാധരൻ, ശാന്തമ്മ ഫിലിപ്പ്, ഹക്കിം കുന്നില്‍, സുബ്ബറായി, കെ.കെ നാരായണൻ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം ഡി.സി.സി പ്രസിഡണ്ടിനോടുള്ള അഭിപ്രായവിത്യാസം നിലനില്‍ക്കുമ്പോള്‍ തന്നെ കെ.നീലകണ്ഠൻ, കരിമ്പില്‍ കൃഷ്ണൻ, കെ.പി കുഞ്ഞിക്കണ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

എ ഗ്രൂപ്പിലെ ധന്യ സുരേഷ് പങ്കെടുത്തപ്പോള്‍ വിനോദ് കുമാര്‍ പള്ളയില്‍വീട്, പി.ജി ദേവ്, ഹരീഷ് പി.നായര്‍, എം.സെബാസ്റ്റ്യൻ പതാലില്‍, വി.ആര്‍ വിദ്യാസാഗര്‍ തുടങ്ങിയവര്‍ വിട്ടുനിന്നു. പഴയ ബ്ലോക്ക് പ്രസിഡണ്ടുമാരില്‍ ഒമ്പത് പേരും പുതിയ ബ്ലോക്ക് പ്രസിഡണ്ടുമാരില്‍ നാല് പേരും പങ്കെടുത്തിരുന്നില്ല.
മൊത്തം 11 ബ്ലോക്കുകളില്‍ നേരത്തെ ആറെണ്ണം എ ഗ്രൂപ്പിനും അഞ്ചെണ്ണം ഐ ഗ്രൂപ്പിനുമായിരുന്നു. പുനഃസംഘടന കഴിഞ്ഞപ്പോള്‍ നാലിടത്ത് മാത്രമേ എ ഗ്രൂപ്പിന് പ്രസിഡണ്ട് സ്ഥാനമുള്ളൂ. എ ഗ്രൂപ്പിന് ഒപ്പമുണ്ടായിരുന്ന മഹിള, കെ.എസ്.യു അധ്യക്ഷ സ്ഥാനങ്ങളും നഷ്ടമായി. മുമ്പ് കാസര്‍കോട്, കുമ്പള ബ്ലോക്കുകളില്‍ മുസ്ലീം വിഭാഗത്തിനായിരുന്നു അധ്യക്ഷ സ്ഥാനം. ഇത്തവണ അതും ഉണ്ടായില്ല.
തര്‍ക്കം എ ഗ്രൂപ്പിലും
നേതാക്കള്‍ തമ്മിലുള്ള തമ്മിലടി കാരണമാണ് നിലവിലുള്ള സ്ഥാനങ്ങള്‍ വരെ ജില്ലയില്‍ നഷ്ടപ്പെടുത്തിയതെന്ന വാദം എ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഉദുമയിലടക്കം തമ്മിലടിച്ചതാണ് എ ഗ്രൂപ്പിന് അധ്യക്ഷ സ്ഥാനം നഷ്ടമാകാൻ കാരണമായത്. ഗ്രൂപ്പിലെ മൂന്ന് പ്രമുഖരാണ് ഇഷ്ടക്കാര്‍ക്കായി ഉദുമയില്‍ ചരടുവലിച്ചത്. ഇതോടെ ചിത്രത്തിലില്ലാതിരുന്ന ഐ ഗ്രൂപ്പിലെ കെ.വി ഭക്തവത്സലൻ സമവായ പ്രസിഡണ്ടായി. കാഞ്ഞങ്ങാട്ട് എ ഗ്രൂപ്പ് നിര്‍ദ്ദേശിച്ച നോയലിന് പകരം ഉമേശൻ ബേളൂരിനെ ബ്ലോക്ക് പ്രസിഡണ്ടാക്കിയത് കൈയാങ്കളിയിലേക്ക് നീങ്ങിയിരുന്നു.
കാറഡുക്ക ബ്ലോക്ക് അധ്യക്ഷനായ വി.ഗോപകുമാര്‍ സഹകരണ ബാങ്ക് ജീവനക്കാരനായതിനാല്‍ മാനദണ്ഡം ലംഘിച്ചുവെന്നാണ് പരാതി. ബളാലില്‍ സ്ഥലത്ത് തന്നെയില്ലാത്ത ബിനോയ് ആൻ്റെണിയാണ് അധ്യക്ഷൻ. വിവാദമായതോടെ, ചുമതല ഏറ്റെടുക്കില്ലെന്ന് ബിനോയ് നേതൃത്വത്തെ അറിയിച്ചു. ബിനോയ് ഡി.സി.സി യോഗത്തിലും പങ്കെടുത്തിരുന്നില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയും ചെയ്യുന്ന ഈ നല്ല സമയത്ത് തമ്മിലടിച്ച് കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ്. ഗ്രൂപ്പുകളുടെ പേരില്‍ പരസ്‌പരം പോരടിച്ച് ഉള്ളതും കൂടി കളയാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ പുറപ്പാടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
