
സി.പി.എം ഭരണസമിതിക്ക് കീഴിലുള്ള കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പ് സൃഷ്ടിച്ച വിഷമവൃത്തത്തില്‍ നിന്ന് തലയൂരാനാകാതെ പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും. തട്ടിപ്പ് വിവരം തുടക്കത്തിലേ അറിഞ്ഞിട്ടും പാര്‍ട്ടി കണ്ണടച്ചെന്ന ആക്ഷേപം ശക്തമാണ്.

പ്രതികളുടെ ഭാര്യമാരുടെ പങ്കാളിത്തത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഉദ്ഘാടനത്തിന് അന്ന് മന്ത്രിയായിരുന്ന എ. സി മൊയ്തീന്‍ പങ്കെടുത്ത ചിത്രം കൂടി പുറത്തുവന്നത് കൂടുതല്‍ കുരുക്കായി. മന്ത്രിയും രാഷ്ട്രീയ പ്രവര്‍ത്തകനുമെന്ന നിലയില്‍ പങ്കെടുത്തതാണെന്നും പ്രതികളാരും തന്‍റെ ബന്ധുക്കളല്ലെന്നുമാണ് മൊയ്തീന്‍റെ വിശദീകരണം.
കരുവന്നൂര്‍ തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍, സി.പി.എം ഭരിക്കുന്ന മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടി തലത്തില്‍ സൂക്ഷ്മ പരിശോധനയും ജാഗ്രതയും ഉറപ്പാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു. ജില്ലകളില്‍ നിന്നുള്ള പരാതികളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാരിനോടും ശുപാര്‍ശ ചെയ്തതായാണ് പുറത്തുവരുന്ന വിവരം. സി.പി.എം അകപ്പെട്ട പ്രതിസന്ധിയുടെ വ്യാപ്തി തിരിച്ചറിഞ്ഞ യു.ഡി.എഫ് ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
സഹകരണ സംഘങ്ങളിലൂടെ കള്ളപ്പണം ഒഴുക്കുന്നെന്ന ആക്ഷേപം നേരത്തേ ഉയര്‍ത്തുന്ന ബി.ജെ.പിക്കും ഇത് വീണുകിട്ടിയ ആയുധമാണ്. സഹകരണമന്ത്രാലയം രൂപീകരിച്ച് അമിത് ഷായെ ചുമതലയേല്‍പിച്ച മോദി സര്‍ക്കാരിന്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ വഴിയൊരുക്കുകയാണ് സി.പി.എമ്മെന്ന വിമര്‍ശനം യു.ഡി.എഫ് ഉയര്‍ത്തിക്കഴിഞ്ഞു.
മുന്നൂറ് കോടിയില്‍പ്പരം രൂപയുടെ അഴിമതിയാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. പരാതി ഉയര്‍ന്നപ്പോള്‍ സി.പി.എം സംസ്ഥാനസമിതി അംഗം പി. കെ ബിജുവിനെ അന്വേഷണച്ചുമതല ഏല്‍പിച്ച പാര്‍ട്ടി നേതൃത്വത്തിന് വിഷയം നേരത്തേ അറിഞ്ഞില്ലെന്നു പറഞ്ഞ് കൈകഴുകാനാകില്ല.
