കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി ഇ.ഡിക്ക് മുന്നിൽ ഹാജരായി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി ഇ.ഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരായ എം.എം വർഗീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ സഹകരിക്കും. ആശങ്കയില്ല. തിരിച്ചറിയൽ രേഖകൾ അടക്കം കൊണ്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പ്രധാന സി.പി.എം നേതാക്കളിലേക്ക് ഇ.ഡി അന്വേഷണം നീളുന്നത്. ഇതിന്‍റെ ഭാഗമായാണ് എം.എം വർഗീസിന്‍റെ ചോദ്യം ചെയ്യൽ.

സി.പി.എം അന്വേഷണ കമ്മീഷൻ കണ്ടെത്തൽ, ചില വ്യക്തികൾക്ക് ചിട്ടി കിട്ടുന്നതിനായി വർഗീസ് ഇടപെട്ടതായുള്ള മൊഴികൾ എന്നിവയിലാകും ഇ.ഡി വർഗീസിൽ നിന്ന് വിവരങ്ങൾ തേടുക.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് വർഗീസിനോട് കഴിഞ്ഞ ദിവസം ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. വെള്ളിയാഴ്‌ച ഹാജരാകാൻ സാധിക്കില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും വർഗീസ് ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം നിരസിച്ച ഇ.ഡി ഹാജരാകണമെന്ന് നിർദേശിക്കുകയായിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ ഭരണസമിതിഅംഗങ്ങൾക്കെതിരെ ജില്ല സെക്രട്ടറിയായ വർഗീസ് നടപടി സ്വീകരിച്ചിരുന്നു. ഇതേകുറിച്ചും തട്ടിപ്പിൽ ഉന്നത നേതാക്കൾക്കുള്ള പങ്കിനെ കുറിച്ചും വിശദമായി അറിയാനാണ് ഇ.ഡിയുടെ നീക്കം.

0Shares