
കേരളാ-കർണാടക അതിർത്തി റോഡുകള്‍ കര്‍ണാടകം ഏകപക്ഷീയമായി അടച്ച വിഷയത്തിൽ കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം സുപ്രീം കോടതി തള്ളി. രോഗികളെ മംഗലാപുരത്തേക്ക് ചികിത്സക്ക് കൊണ്ടുപോകാൻ അതിർത്തി തുറന്നു കൊടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് പൂർണമായും നടപ്പാക്കാൻ സുപ്രീം കോടതി ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടില്ല.

പക്ഷെ കാസർകോട് നിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്നവർക്ക് ആശുപത്രിയിൽ എത്താനുള്ള നടപടിക്രമങ്ങൾ ഒരുക്കാൻ കോടതി നിര്‍ദ്ദേശം നല്‍കി. ഏതൊക്കെ വിഭാഗം രോഗികളെ കൊണ്ടുപോകണമെന്ന മാർഗനിർദേശം ചർച്ച ചെയ്ത് സമർപ്പിക്കാനാണ് ഇരു സംസ്ഥാനങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടത്.
ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തയ്യാറാക്കുന്ന മാർഗനിർദേശം പരിഗണിച്ച ശേഷം ചൊവ്വാഴ്ച കോടതി അന്തിമ വിധി പുറപ്പെടുവിക്കും. നിലവില്‍ കാസർകോട് – മംഗളുരു ദേശീയപാത അടക്കം കർണാടകം അടച്ചിട്ടിരിക്കുകയാണ്. അടിയന്തരമായി വൈദ്യ ആവശ്യത്തിന് പോകുന്ന ആംബുലൻസുകൾ പോലും കർണാടക തുറന്നു കൊടുക്കുന്നില്ല.
കാസർകോട് രാജ്യത്തെ തന്നെ കൊവിഡ് ഹോട്ട് സ്പോട്ടാണ്. കേരളത്തിലെ രോഗികളെ അവിടെത്തന്നെ ചികിത്സിക്കണം. കാസർകോട്ടെ രോഗികളെ കർണാടകത്തിന് ചികിത്സിക്കാനാകില്ല എന്നായിരുന്നു കർണാടകത്തിന്‍റെ നിലപാട്.
