
കാറഡുക്ക / കാസർകോട്: റവന്യു ജില്ലാ സ്‌കൂൾ കലോത്സവ നഗരിയിൽ നിരന്തരം കർമ്മ നിരതരായി ഇവരും ഉണ്ട്. നാം എഴുതി വെയ്ക്കുന്ന പരിസ്ഥിതി സ്നേഹത്തിന് അപ്പുറം മാലിന്യം പെറുക്കി നാടും നഗരവും മനോഹരമാക്കുന്ന ഹരിത കർമസേനകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അജൈവ മാലിന്യം ശേഖരിക്കുന്ന ഇടങ്ങളിൽ പ്രതിമാസവും ജൈവമാലിന്യം ശേഖരിക്കുന്ന ഇടങ്ങളിൽ പ്രതിദിനവും ഇവരുടെ സേവനം പ്രദാനം ചെയ്യുന്നു.
പഞ്ചായത്തുകളും നഗരസഭകളും മുൻകൈയ്യെടുത്ത് രൂപീകരിച്ചിട്ടുള്ള ഈ സംവിധാനം പ്രധാനമായും അജൈവ മാലിന്യത്തിൻ്റെയും ചിലയിടങ്ങളിൽ ജൈവ മാലിന്യത്തിൻ്റെയും വാതിൽപ്പടി ശേഖരണം നടത്തുന്നു.

ദിനേനയുള്ള ചെയ്യുന്ന സേവനം കൂടാതെ സ്‌കൂൾ കലോത്സവം പോലെയുള്ള മഹാമേളകളിലും ഹരിത കർമ്മസേനാ പ്രവർത്തകർ സജീവമാണ്.
കേരള സർക്കാർ നടപ്പാക്കുന്ന ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി 2017 ഒക്ടോബർ മാസത്തിലാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേനാരൂപീകരണം നടന്നത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ – മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനമാണ് ഹരിത കർമ്മസേന.
