
കാസർകോട്: പരപ്പ, ബളാല്‍ വില്ലേജുകളില്‍ കാരാട്ട്- വടക്കാംകുന്ന് മലനിരകളിലെ ക്വാറി തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിന് ഇ ചന്ദ്രശേഖരന്‍ എം. എല്‍. എ യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ജില്ലാതല യോഗം ചേര്‍ന്നു. തര്‍ക്കം പരിഹരിക്കാന്‍ ആഗസ്ത് 12ന് കമ്മിറ്റി ക്വാറി സന്ദര്‍ശിച്ച് വീണ്ടും റിപ്പോര്‍ട്ട് തയ്യാറാക്കും
എ.ഡി.എം ചെയര്‍മാനായി താഹ്സില്‍ദാര്‍, ഭൂഗര്‍ഭ ജല വകുപ്പ് പ്രതിനിധി, മലിനീകരണ നിയന്ത്രണ ബോഡ് പ്രതിനിധി, ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിൻ്റെയും സമര സമിതി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ആഗസ്ത് 12ന് ക്വാറി സന്ദര്‍ശിക്കാന്‍ യോഗം തീരുമാനിച്ചു. പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി ആഗസ്ത് 19ന് വീണ്ടും യോഗം ചേരും.

യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി, എ.ഡി.എം എ.കെ രമേന്ദ്രന്‍, വെള്ളരിക്കുണ്ട് താഹ്സില്‍ദാര്‍ പി.വി മുരളി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധി അനീഷ് ആന്റണി, ഭൂഗര്‍ഭ ജല വകുപ്പ് പ്രതിനിധി സി.രതീഷ്, ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, പരപ്പ വില്ലേജ് ഓഫീസര്‍ വി.ജെ സോന, ബളാല്‍ വില്ലേജ് ഓഫീസര്‍ പി.എസ് സുജിത്ത്, രാഷട്രീയ പാര്‍ട്ടി പ്രതിനിധി എ.ആര്‍ രാജു സമരസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
