
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം പാറക്കടവ് കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. മനീഷ് (20), അരുണ്‍ (19), സനൂപ് (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മനീഷിന്റെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

തുടര്‍ന്ന് മറ്റു രണ്ടുപേര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം കിട്ടിയത്. അരുണ്‍ അലൂമിനിയം ഫാബ്രിക്കേറ്ററും സനൂപ് കോണ്‍ക്രീറ്റ് തൊഴിലാളിയും മനീഷ് ബൈക്ക് മെക്കാനിക്കുമാണ്. വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെയാണ് സംഭവം.
സുഹൃത്തായ പയ്യാവൂരിലെ പുത്തന്‍പുരയില്‍ അജിത്തിനോടൊപ്പമാണ് മൂവരും പുഴക്കരയിലെത്തിയത്. അജിത്ത് കരയ്ക്കിരുന്നെങ്കിലും മറ്റു മൂന്നു പേരും കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടെ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പറയുന്നു.
