
കണ്ണൂരിലെ ആദ്യ റൂറല്‍ എസ്.പി നവനീത് ശര്‍മ്മ ചുമതലയേറ്റു. കഴിഞ്ഞ മാസമാണ് ജില്ലാ പോലീസ് വിഭാഗത്തെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ചത്. കണ്ണൂര്‍ സിറ്റിക്ക് കമ്മീഷണറും കണ്ണൂര്‍ റൂറലിന് എസ്.പി.യുമാണ് ഇനി മുതലുണ്ടാവുക. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി ആര്‍. ഇളങ്കോ തിങ്കളാഴ്ച ചുമതല ഏല്‍ക്കും.

റൂറല്‍ എസ്.പിയുടെ താല്കാലിക ഓഫീസ് കണ്ണൂരില്‍ തന്നെ പ്രവര്‍ത്തിക്കും. ക്രമസമാധാന നില തൃപ്തികരമായി നിലനിര്‍ത്തുന്നതിന് മുഖ്യ പരിഗണനയെന്ന് നവനീത് ശര്‍മ്മ പറഞ്ഞു. ജില്ലയിലെ പോലീസ് ആസ്ഥാനം വിഭജിച്ചത് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ചില പോലീസ് സേവനങ്ങള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാക്കും.
ഏറ്റവുമധികമാളുകള്‍ക്ക് ആവശ്യമായി വരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലുള്ളവ ലഭിക്കാന്‍ കിഴക്കന്‍ മലയോരത്തുള്ളവര്‍ ഇനി മാങ്ങാട്ടുപറമ്പിലെ റൂറല്‍ പോലീസ് ആസ്ഥാനത്തെത്തണം. മുന്‍പ് ഇത് കണ്ണൂരിലെ പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുമായിരുന്നു. ജില്ലയിലെ കണ്ണൂര്‍,തലശ്ശേരി സബ് ഡിവിഷനുകള്‍ യോജിപ്പിച്ചാണ് കണ്ണൂര്‍സിറ്റി പോലീസ് വിഭാഗം രൂപീകരിച്ചത്. തളിപ്പറമ്പ്,ഇരിട്ടി സബ് ഡിവിഷനുകള്‍ സംയോജിപ്പിച്ച് കണ്ണൂര്‍ റൂറല്‍ പോലീസ് വിഭാഗവും നിലവില്‍ വന്നു.
