
കാസർകോട്: ഇളങ്കോവടികളുടെ ഇതിഹാസ നായിക കണ്ണകിയുടെ നൃത്ത ശില്‍പ രൂപം പെണ്‍കരുത്തിൻ്റെ ഓര്‍മപ്പെടുത്തലായി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിൻ്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ നടന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായാണ് ഇതിഹാസ കാവ്യമായ ചിലപ്പതികാരം നൃത്തശില്പമായി അരങ്ങേറിയത്.
കണ്ണീരിൻ്റെ പര്യായമായ സ്ത്രീകഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തനിക്കും തൻ്റെ ഭര്‍ത്താവിനും നിഷേധിക്കപ്പെട്ട നീതിക്കായി നിലയുറപ്പിച്ച കണ്ണകിമാരെയാണ് ഈ സമൂഹത്തിന് ആവശ്യമെന്ന് നൃത്ത ശില്‍പം പറയുന്നു. മുത്തശ്ശി കഥകളില്‍ നിറഞ്ഞു നിന്നിരുന്ന കണ്ണകി ഒരു മണിക്കൂര്‍ നീണ്ട നൃത്താവിഷ്‌കാരമായി കാണികള്‍ക്കു മുന്നിലെത്തിയപ്പോള്‍പുത്തന്‍ അനുഭവമാണ് സദസ്സിന് സമ്മാനിച്ചത്. പാലക്കുന്ന് കര്‍മ്മ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കിലെ നൃത്ത അധ്യാപകന്‍ പ്രജീഷ് മാസ്റ്ററാണ് സംവിധാനം.

ജിനിഷ, റോമ, അപ്‌സര, ദേവഗംഗ, പാര്‍വതി, അരുന്ധതി, ദയ, ശീതള്‍, ജിന്‍ഷ, നീതു, ദീപ, സ്മൃതി, കാഞ്ചന, നിയ, വൈഗ, അര്‍ച്ചന, ദില്‍ന, ശ്രീനന്ദ, അവിക, ദേവി, ജിനീഷ തുടങ്ങിയവരാണ് നൃത്ത ശില്‍പം അവതരിപ്പിച്ചത്. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ തൻ്റെ ഭര്‍ത്താവിനെ വധിച്ച മധുരരാജാവിനെയും മധുര നഗരത്തേ തന്നെയും പ്രതികാരമൂര്‍ത്തയായി ശാപവചസുകളാല്‍ കണ്ണകി ചുട്ടെരിച്ചു എന്നതാണ് ചിലപ്പതികാരത്തിൻ്റെ ഇതിവൃത്തം.
