കാഞ്ഞങ്ങാടിൻ്റെ സ്വപ്നപദ്ധതി ഫ്‌ളൈ ഓവര്‍; വിശദ പദ്ധതി രേഖ റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാടിൻ്റെ  സ്വപ്നപദ്ധതി ഫ്‌ളൈ ഓവര്‍;  വിശദ പദ്ധതി രേഖ റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചു

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തിൻ്റെ സ്വപ്നപദ്ധതിയായ ആകാശ പാത (ഫ്ളൈഓവര്‍) പദ്ധതിയുടെ വിശദ പദ്ധതി രേഖ റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കിഫ്ബിക്ക് സമര്‍പ്പിച്ചു. കിഫ്ബിയുടെ ടെക്നിക്കല്‍ വിഭാഗം പദ്ധതിയുടെ ടെക്നിക്കല്‍ അപ്രൈസല്‍ റിപ്പോര്‍ട്ട് പദ്ധതിയുടെ നിര്‍മാണ ചുമതല വഹിക്കുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് കൈമാറി. ഇവര്‍ ഇതില്‍ വിശദീകരണം നല്‍കുന്നതോടെ പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകും.

പിന്നീട് കിഫ്ബിയുടെ ധനകാര്യ അനുമതി കിട്ടുന്നതോടെ പദ്ധതി കരാര്‍ നടപടികളിലേക്ക് നീങ്ങും. 80.66 കോടിയാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. 1710 മീറ്ററാണ് ആകാശപാതയുടെ നീളം. ഇതില്‍ തുടക്കത്തിലുള്ള 200 മീറ്ററില്‍ അപ്രോച്ച് റോഡ് വരും. അപ്രോച്ച് റോഡില്‍ നിന്നു പാലത്തിലേക്ക് 168 മീറ്റര്‍ നീളത്തില്‍ സ്ലോപ് റോഡ് നിര്‍മിക്കും. 1120 മീറ്ററാണ് പാലത്തിന്റെ നീളം. 32 സ്പാനുകളും 31 പില്ലറുകളും ഉണ്ടാകും. പത്മ പോളിക്ലിനിക്കിന് സമീപത്ത് നിന്ന് വ്യാപാരഭവന് സമീപം വരെയാണ് ആകാശപാത നിര്‍മിക്കുന്നത്. രണ്ടു വരി പാതയാണ് നിര്‍മിക്കുന്നത്.

ഇ ഐ ടെക്നോളജീസ് കണ്‍സള്‍ട്ടന്റ് ആണ് ഡി.പി.ആര്‍ തയാറാക്കിയത്. 2017-18 ബജറ്റിലാണ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചത്. 2017 ജൂലൈ 10 ന് ഭരണാനുമതി നല്‍കി. മൂന്ന് വര്‍ഷ കാലാവധി കഴിഞ്ഞതിനാല്‍ 2021 ഫ്രെബുവരി 12 ന് ഭരണാനുമതി വീണ്ടും പുതുക്കി നല്‍കി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്തതിനാല്‍ നിര്‍മാണത്തില്‍ കാലതാമസം വരില്ല. നിലവിലുള്ള റോഡിൻ്റെ ഡിവൈഡറിലാണ് സ്പാനുകള്‍ വരിക. കിഫ്ബിയുടെ അടുത്ത യോഗത്തില്‍ പദ്ധതിക്ക് ധനകാര്യ അനുമതി ലഭിച്ചേക്കുമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു.

0Shares