
വിനോദ സഞ്ചാര രംഗത്ത് പുത്തൻ ഉണർവേകുന്ന കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ നിർമാണം പുരോഗമിക്കുന്നു. കാസർകോട് വികസന പാക്കേജിൽപ്പെടുത്തി 59 ലക്ഷത്തിൻ്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയിൽപ്പെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. രണ്ടു പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിന് മുൻപിലാണ് കാസർകോട് വികസന പാക്കേജിൽ അനുവദിച്ച നിർമ്മാണങ്ങൾ നടക്കുന്നത്.

ഇവിടെ ആംഫി തിയ്യേറ്ററും നടപ്പാതയും ഭക്ഷണശാലയും പാർക്കിംഗ് ഏരിയയും ഉണ്ടാവും. ഇതിന് പുറമേ 7 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി സമുച്ചയവും നിർമിക്കും. പ്രവൃത്തിയുടെ പുരോഗതി ഇ. ചന്ദ്രശേഖരൻ എം .എൽ. എ യും നഗരസഭ ചെയർപേഴ്സൺ കെ. വി സുജാത, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ. പി രാജ് മോഹൻ എന്നിവരും സന്ദർശിച്ച് വിലയിരുത്തി.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ നഗരമായ കാഞ്ഞങ്ങാടിൻ്റെ മുഖം മാറും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന 16 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി മുൻ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തിരുന്നു. കാഞ്ഞങ്ങാടിൻ്റെ കലാ- സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ആധുനിക നഗരാസൂത്രണത്തിൻ്റെ അവിഭാജ്യ ഘടകങ്ങളായ ആംഫി തീയറ്റര്‍, കഫെറ്റേരിയ, ഗെയിം സോണ്‍, ചില്‍ഡ്രന്‍സ് ഏരിയ, സീനിയര്‍ സിറ്റിസണ്‍സ് ഏരിയ, എക്‌സിബിഷന്‍ ഏരിയ, ഫീഡിങ് ഏരിയ, ഹാന്‍ഡിക്രാഫ്റ്റ് ഷോപ്പ്, ടോയ്‌ലറ്റ്, പാര്‍ക്കിങ്, സീറ്റിങ്, മഴവെള്ള സംഭരണി, റെയിന്‍ ഷെല്‍ട്ടര്‍ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങള്‍ ടൗണ്‍ സ്‌ക്വയര്‍ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
