
കാസർകോട്: കാഞ്ഞങ്ങാടിൻ്റെ തീരത്തെ മണിക്കൂറുകൾക്കുള്ളിൽ സുന്ദരമാക്കി നാടിൻ്റെ കൂട്ടായ്മ. ജില്ലാ ഭരണകൂടത്തിൻ്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് കടപ്പുറം മുതൽ മരക്കാപ്പ് കടപ്പുറം വരെയുള്ള രണ്ട് കിലോമീറ്റർ തീരം ശുചീകരിച്ചത്. ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സബ് കളക്ടർ ഡി.ആർ.മേഘശ്രീ അധ്യക്ഷയായി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, സതീശൻ മടിക്കൈ, വാർഡ് കൗൺസിലർമാരായ കെ.കെ.ജാഫർ, അനിൽകുമാർ, സി.എച്ച്.സുബൈദ, ഐ.എം.എ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ട് ടി.വി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്കൂൾ, ഹൊസ്ദുർഗ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നീ സ്കൂളുകളിലെ എൻ.എസ്എസ് വൊളണ്ടിയർമാർ, കാഞ്ഞങ്ങാട് തീരപ്രദേശത്തെ കുടുംബശ്രീ പ്രവർത്തകർ, ഐ.എം.എ കാഞ്ഞങ്ങാട് ബ്രാഞ്ച്, ലയൺസ് ക്ലബ്ബ് കാഞ്ഞങ്ങാട്, റോട്ടറി ക്ലബ്ബ് കാഞ്ഞങ്ങാട്, മിഡ് ടൗൺ റോട്ടറി കാഞ്ഞങ്ങാട്, ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്, അജാനൂർ ലയൺസ് ക്ലബ്ബ്, ജേസീസ് കാഞ്ഞങ്ങാട്, നന്മ മരം കാഞ്ഞങ്ങാട്, ഇസാഫ് കേരള തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഐ.എം.എ കാഞ്ഞങ്ങാട് ബ്രാഞ്ച്, ലയൺസ് ക്ലബ്ബ് ബേക്കൽ ഫോർട്ട് എന്നിവർ ചേർന്ന് ശുചീകരണ പ്രവർത്തിയിൽ പങ്കെടുത്തവർക്ക് ചായയും ഭക്ഷണവും നൽകി. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമ സേനയ്ക്ക് കൈമാറും.
