
കാസര്‍കോട്: പുറത്തിറങ്ങാന്‍ കഴിയാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന തനിച്ച് കഴിയുന്ന രോഗികള്‍ക്കും പ്രായമായവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമെല്ലാം ഭക്ഷണം എത്തിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സാമൂഹ്യ അടുക്കളയ്ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. ഉദുമ, പള്ളിക്കര, അജാനൂര്‍, പുല്ലൂര്‍പെരിയ, മടിക്കൈ പഞ്ചായത്തുകളിലായി കഴ്ഞ്ഞ ദിവസം 675 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.
പള്ളിക്കര പഞ്ചായത്തില്‍ ക്യാന്റീന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ക്യാന്റീന്‍, അജാനൂര്‍ പഞ്ചായത്തില്‍ ചൈതന്യ ഓഡിറ്റോറിയം കിഴക്കുംകര, മടിക്കൈ പഞ്ചായത്തില്‍ അനാഥാലയം ക്യാന്റീന്‍ മലപ്പച്ചേരി, ഉദുമ പഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് പരിസരം എന്നിങ്ങനെയാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യ ദിവസമായ ഇന്നലെ ഉദുമ പഞ്ചായത്തില്‍ 100, അജാനൂര്‍ പഞ്ചായത്ത് 250, ഉദുമ പഞ്ചായയത്ത് 200, പുല്ലൂര്‍ പെരിയ പഞ്ചായത്ത് 50, മടിക്കൈ പഞ്ചായത്ത് 75 എന്നിങ്ങനെ പൊതിച്ചോര്‍ വിതരണം ചെയ്തു.

ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നിവയടങ്ങുന്ന ഊണ്‍ വാഴയിലയില്‍ വിളമ്പി, പേപ്പറില്‍ പൊതിഞ്ഞാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്.പെന്‍ഷന്‍ തുക കൈപ്പറ്റുന്നവര്‍ക്കും, പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കുന്നവര്‍ക്കും കമ്മ്യൂണിറ്റി കിച്ചണിന്‍റെ സേവനം ലഭിക്കില്ലെന്നും മെമ്പര്‍മാര്‍ നല്‍കുന്ന കണക്കിന്‍റെ അടിസ്ഥാനത്തിലാണ് അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു.
