
കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരുമെന്നാണ് ലഭിക്കുന്ന സൂചന.

സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ കഴിഞ്ഞ ചർച്ച നടത്തിയിരുന്നു. കനയ്യകുമാർ കോൺഗ്രസിൽ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ, കനയ്യകുമാറിനെ അനുനയിപ്പിക്കാൻ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ തന്നെ രംഗത്തെത്തിയിരുന്നു.
ബിഹാർ ഘടകവുമായി യോജിച്ച് പോകാനാവില്ലെന്ന കനയ്യയുടെ നിലപാട് പരിശോധിക്കാമെന്നല്ലാതെ പരിഹാര നിർദ്ദേശങ്ങളൊന്നും രാജ മുൻപോട്ട് വച്ചിട്ടില്ലെന്നാണ് സൂചന. മാത്രമല്ല പാർട്ടിയിൽ കനയ്യയെ പിടിച്ചുനിർത്തണമെന്ന ആവശ്യം ബിഹാർ ഘടകം ആവശ്യപ്പെട്ടിട്ടുമില്ല.
