
സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടിമയെ പോലെയാണ് കാനം പ്രവര്‍ത്തിക്കുന്നത്. എല്‍ദോ എബ്രഹാമിനെ പൊലീസ് തല്ലിയപ്പോള്‍ അദ്ദേഹം ന്യായീകരിച്ചു.
സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകള്‍ ന്യായീകരിക്കുകയാണ് സി.പി.ഐ സെക്രട്ടറിയെന്നും പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്നും സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു. തെറ്റായ വിഷയങ്ങളില്‍ എതിര്‍ ശബ്ദങ്ങളോ വിമര്‍ശനങ്ങളോ ഉന്നയിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി തയ്യാറാകുന്നില്ല.

തെറ്റുകള്‍ ആണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണെന്നും വിമര്‍ശനമുയര്‍ന്നു. അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണ്. ഔദ്യോഗിക നമ്പരില്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനം. ഇടതുപക്ഷ മുന്നണിക്ക് ചേരുന്ന തരത്തിലല്ല മന്ത്രി വീണാ ജോര്‍ജിൻ്റെ പെരുമാറ്റവും പ്രവര്‍ത്തനങ്ങളുമെന്നും സി.പി.ഐ നേതാക്കള്‍ വിമര്‍ശിച്ചു.
