
കേരളത്തിലെ ബി.ജെ.പിയെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളോട് ബി.ജെ.പിക്ക് പ്രതിബദ്ധതയില്ല. കർണാടകയുമായി ബന്ധപ്പെട്ട അതിർത്തി പ്രശ്നത്തിൽ സംസ്ഥാന ബി.ജെ.പിക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും കർണാടകത്തിന്‍റെ നടപടി ചോദ്യം ചെയ്യാൻ പോലും ഇവിടത്തെ ബി.ജെ.പിക്കാർ തയ്യാറല്ലെന്നും മന്ത്രി ആരോപിച്ചു.

കർണാടകത്തിലെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി ചെയ്യുന്ന അധാർമ്മികയ്ക്കെതിരെ ഒരക്ഷരം പോലും സംസ്ഥാനത്തെ ബി.ജെ.പിക്കാർ മിണ്ടിയിട്ടില്ല. വിലകുറഞ്ഞ രാഷ്ടീയം കളിക്കുകയാണ് അവർ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മംഗലാപുരത്ത് ചികിത്സ നടത്തുന്ന കേരളത്തിൽ നിന്നുള്ള നിരവധി രോഗികളാണ് കർണാടക അതിർത്തി അടച്ചതോടെ പ്രതിസന്ധിയിലായത്. സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും ഇടപെടലുകൾ നടത്തിയിട്ടും ദേശീയപാത കേരളത്തിന് തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതി വിധിയുണ്ടായിട്ടും അതിനെ സുപ്രീം കോടതി ശരിവെച്ചിട്ടും അതിർത്തി തുറക്കാൻ കർണാടക തയ്യാറായിട്ടില്ല.
കാസർകോട് മേഖല കൊവിഡിന്‍റെ പ്രഭവ കേന്ദ്രമായതിനാൽ ഗതാഗതം പുനസ്ഥാപിക്കാനാവില്ലെന്നാണ് കർണാടകത്തിന്‍റെ വാദം. എന്നാൽ ഇത് മനുഷ്വത്വമില്ലാത്ത പ്രവർത്തിയാണെന്ന് കേരളം ആരോപിക്കുന്നു.
