
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ്റെ സുരക്ഷ ഇരട്ടിയാക്കി വർധിപ്പിച്ചു. കണ്ണൂർ നാടാറിലെ വീടിന് സായുധ പൊലീസ് നിലവിൽ കാവലുണ്ട്. യാത്രയിൽ സായുധ പൊലീസിൻ്റെ അകമ്പടിയുമുണ്ടാകും. ആക്രമണ സാധ്യതയുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായതിന് പിന്നാലെ കടുത്ത സംഘർഷമാണ് കണ്ണൂരിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇതിനിടെ കെ. സുധാകരൻ്റെ ഭാര്യയുടെ വീടിന് നേരെയും കല്ലേറുണ്ടായിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ചിനിടെ പ്രതിഷേധക്കാർ പൊലീസിൻ്റെ ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.
