
യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽവച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുന്‍ എം.എല്‍.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ. എസ് ശബരിനാഥന് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാല്‍ ഹാജരാകണം, ഡിജിറ്റൽ ഉപകരണങ്ങൾ ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. ശബരിനാഥന് ജാമ്യം നൽകിയതിനെതിരെ കോടതി വളപ്പിൽ സി.പി.എം പ്രവർത്തകർ പ്രതിഷേധിച്ചു. ഗൂഢാലോചനയിൽ ശബരിനാഥൻ ആണ് ‘മാസ്റ്റർ ബ്രെയ്ൻ’ എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

വാട്സാപ് സന്ദേശം അയച്ചശേഷം ശബരിനാഥൻ ഒന്നാം പ്രതിയെ ഫോണിൽ വിളിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിലെ നാലാം പ്രതിയാണ് ശബരിനാഥൻ. വാട്സാപ് ഉപയോഗിച്ച ഫോൺ മാറ്റിയെന്നും യഥാർത്ഥ ഫോൺ കണ്ടെടുക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
