എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യു.ഡി.എഫ്; കെ റെയിലിൻ്റെ ജി.പി.എസ് സർവേയും എതിർക്കും; ആരാണ് വികസന വിരുദ്ധർ എന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നതായി വി.ഡി സതീശൻ

  • Post category:news
  • Reading time:1 min read
You are currently viewing എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യു.ഡി.എഫ്; കെ റെയിലിൻ്റെ  ജി.പി.എസ് സർവേയും എതിർക്കും; ആരാണ് വികസന വിരുദ്ധർ എന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നതായി വി.ഡി സതീശൻ

സിൽവർ ലൈനിൽ കെ റെയിലിൻ്റെ ജി.പി.എസ് സർവേയെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിൽവർ ലൈനിൽ നടക്കുന്ന സർവേ തീർത്തും പ്രഹസനമാണ്. കേരളത്തിലെവിടെയും ഭൂമിയിൽ ഇറങ്ങി വന്നു സർവേ നടപ്പാക്കാൻ സർക്കാരിന് പറ്റില്ല. അതിനാലാണ് ജി.പി.എസ് കൊണ്ട് വരുന്നത്. എന്നാൽ കെ റെയിലിൻ്റെ ജി.പി.എസ് സർവേയേയും എതിർക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

കൗശലം ഉപയോഗിച്ച് സ്ഥലം എറ്റെടുക്കൻ ഉള്ള ശ്രമം ആയിരുന്നു സർക്കാർ നടത്തിയത്. അതാണിപ്പോൾ പരാജയപ്പെട്ടത്. യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ നടന്ന കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഒന്നാം ഘട്ടം വിജയമാണ്. ആരാണ് വികസന വിരുദ്ധർ എന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നെന്നും എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യു.ഡി.എഫ് ആണെന്നും വി.ഡി സതീശൻ പറഞ്ഞു.

അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജി. പി. എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദേശം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണം. സിൽവർലൈൻ പദ്ധതിക്കായി കെ- റെയിൽ കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

അതിർത്തി നിർണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളിൽ വൻതോതിൽ പ്രതിഷേധവും ചെറുത്തുനിൽപും ഉയരുന്നതിനാൽ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ- റെയിൽ മാനേജിങ് ഡയറക്ടർ ഈ മാസം 5ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്.

0Shares