ഇപ്പോള്‍ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലല്ല, ഭൂമി ഏറ്റെടുക്കാനുള്ള നടപടി; കെ റെയിലിന് കേന്ദ്ര അനുമതി കിട്ടില്ലെന്ന് ആവർത്തിച്ച് ഇ. ശ്രീധരൻ

  • Post category:news
  • Reading time:1 min read
You are currently viewing ഇപ്പോള്‍ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലല്ല, ഭൂമി ഏറ്റെടുക്കാനുള്ള നടപടി; കെ റെയിലിന് കേന്ദ്ര അനുമതി കിട്ടില്ലെന്ന് ആവർത്തിച്ച് ഇ. ശ്രീധരൻ

കേരളാ സർക്കാരിൻ്റെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാകാന്‍ പോകുന്നില്ലെന്നും അധികം വൈകാതെ സര്‍ക്കാര്‍ ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടില്ലെന്നും ഇതു സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ റെയില്‍വേ മന്ത്രിയെ അറിയിച്ചുവെന്നും ബി.ജെ.പി നേതാവ് കൂടിയായ ഇ. ശ്രീധരന്‍ അറിയിച്ചു.

ഇപ്പോള്‍ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലല്ല, ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ച സ്പീഡില്‍ ട്രെയിന്‍ ഓടിച്ചാല്‍ വലിയ അപകടം ഉണ്ടാവും. സംസ്ഥാനത്ത് സെന്‍ട്രല്‍ ലൈനാണ് ആവശ്യം. ബഫര്‍ സോണിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല. മണ്ണിലൂടെ സെമി സ്പീഡില്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കില്ല. വേഗത 30- 40 കിലോമീറ്റര്‍ സ്പീഡിലേക്ക് ചുരുക്കേണ്ടി വരും.

ദേശീയ പാതാ വികസനവും കെ റെയില്‍ പദ്ധതിയും രണ്ടാണെന്നും ഇത് രണ്ടിനേയും ഒരുപോലെ കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പദ്ധതി ശരിയല്ലെന്ന് റെയില്‍വേ ബോര്‍ഡിന് നേരത്തെ അറിയാം. സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റദ്ധരിപ്പിക്കുകയാണ് ചെയ്തത്. പദ്ധതിക്ക് വേണ്ട ചെലവ്, ഏറ്റെടുക്കേണ്ട ഭൂമി എന്നിവയെക്കുറിച്ചെല്ലാം ജനങ്ങളെ കബളിപ്പിക്കുകയാണ്.

സര്‍ക്കാരിന് ഹിഡന്‍ അജണ്ടയുണ്ട്. പദ്ധതി 64,000 കോടിക്ക് തീരില്ല. രണ്ടു ഭാഗത്തും മതില്‍ ഉയരുന്നത് പ്രധാന പ്രശ്‌നമാണ്. കെ റെയില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയെ സത്യം ബോധിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമില്ല. പ്രധാനമന്ത്രി ചോദിച്ചാല്‍ അഭിപ്രായം പറയും’, അദ്ദേഹം പറഞ്ഞു.

0Shares