മൂന്നു പേരുടെ വ്യക്തിപരമായ താൽപര്യത്തിൽനിന്നുണ്ടായ പ്രശ്‌നം; അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്നു; നിയമന വിവാദത്തില്‍ ന്യായീകരിച്ച് എം. ബി രാജേഷ്

  • Post category:news
  • Reading time:2 mins read
You are currently viewing മൂന്നു പേരുടെ വ്യക്തിപരമായ താൽപര്യത്തിൽനിന്നുണ്ടായ പ്രശ്‌നം; അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്നു; നിയമന വിവാദത്തില്‍ ന്യായീകരിച്ച് എം. ബി രാജേഷ്

കാലടി സർവകലാശാലയിൽ തന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന ആരോപണത്തിന് മറുപടിയുമായി സി.പി.എം നേതാവ് എം.ബി രാജേഷ്. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നു പേരിൽ ഒരാളുടെ താൽപര്യത്തിനനുസരിച്ച് മറ്റൊരാൾക്ക് നിയമനം നൽകാനുള്ള ശ്രമമാണ് നടത്തിയതെന്ന് എം. ബി രാജേഷ് ആരോപിച്ചു. ഈ മൂന്നുപേരും ഉപജാപം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

മൂന്നു പേരുടെ വ്യക്തിപരമായ താൽപര്യത്തിൽനിന്നുണ്ടായ പ്രശ്നമാണ്. അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്നു. നിയമനം നൽകാൻ ശ്രമിക്കുന്ന ആളുടെ ഒപ്പം ജോലി ചെയ്യുന്ന ആൾക്ക് ജോലി നൽകാനാണ് ശ്രമം നടന്നത്. വിഷയവിദഗ്ധരായ മൂന്നു പേർക്കും ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഇന്റർവ്യൂവിൽ കൂടിയാലോചിച്ച് ഒരാൾക്ക് നിയമനം നൽകാൻ തീരുമാനിച്ചു എന്നാണ് ഇവർ തന്നെ വൈസ് ചാൻസലർക്ക് അയച്ച കത്തിൽ പറയുന്നത്.

അതുതന്നെ ക്രമവിരുദ്ധമാണ്. 80 അപേക്ഷകരിൽനിന്ന് അക്കാദമിക യോഗ്യതകൾ നോക്കി തിരഞ്ഞെടുക്കപ്പട്ട ആളാണ് നിനിത. യോഗ്യത സംബന്ധിച്ച് യൂണിവേഴ്സിറ്റി വിശദീകരണം നൽകിയിട്ടുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന മൂന്നു പേരുടെ വ്യക്തിതാൽപര്യം സംരക്ഷിക്കാൻ മൂന്ന് തലത്തിലുള്ള ഉപജാപം നടന്നു. നിനിത ഇന്റർവ്യൂവിൽ പങ്കെടുക്കാതിരിക്കാൻ ശ്രമം നടന്നു. നിനിതയുടെ പിഎച്ച്ഡി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു. അത് തെറ്റാണെന്ന് വ്യക്തമായിരുന്നു.

രണ്ടാമതായി, പിഎച്ച്ഡിക്കെതിരായി കേസുണ്ടെന്ന് ആക്ഷേപമുണ്ടായി. അതും തെറ്റാണെന്ന് തെളിഞ്ഞു. ഇപ്പോൾ ഇന്റർവ്യൂവിലും ഇത്തരത്തിലുള്ള ശ്രമം നടന്നു എന്നാണ് ഇപ്പോൾ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.എല്ലാം വിജയിക്കാതെവന്നപ്പോൾ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് മൂന്നാമതൊരാൾ മുഖേന ഉദ്യോഗാർഥിക്ക് എത്തിച്ചു നൽകുകയായിരുന്നു. പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇന്റർവ്യൂ ബോർഡിലെ മൂന്നു പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേദിവസം തന്നെ സർവകലാശാല വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു.

ജോയിൻ ചെയ്താൽ കത്ത് പുറത്തുവിടും എന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. പിന്നീട് മൂന്നാം തീയതി ജോയിൻ ചെയ്തതിനു ശേഷം ഇവർ പരസ്യ പ്രതികരണം നടത്തുകയും പിന്നീട് കത്ത് പുറത്തുവിടുകയുമായിരുന്നു. ഉദ്ദേശം പിൻമാറാൻ നിർബന്ധിക്കുകയായിരുന്നു. സമ്മർദ്ദവും ഭീഷണിയും വന്നപ്പോൾ അതിന് വഴങ്ങില്ല എന്നു തീരുമാനിച്ചതുകൊണ്ടാണ് ജോയിൻ ചെയ്യാൻ തീരുമനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares