
കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വാർത്താസമ്മേളനത്തിൽ ഏഷ്യാനെറ്റ് പ്രതിനിധിയെ ക്ഷണിക്കാത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എം.പി. മുരളീധരന്‍റെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ചുമതലകള്‍ സ്‌നേഹമോ വിദ്വേഷമോ കൂടാതെ നിറവേറ്റും എന്ന സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം മന്ത്രിയായത് എന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

ഔദ്യോഗികവാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. ചിലരെ വിലക്കിയപ്പോള്‍ മന്ത്രി അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ. മന്ത്രി വിളിക്കുന്ന വാര്‍ത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ്. മന്ത്രിക്ക് ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ വേണ്ടി വിളിക്കുന്ന ഔദ്യോഗികപരിപാടി. ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടി. അതില്‍ പങ്കെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അര്‍ഹത അവകാശമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
