സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം. ആലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗം സമൂഹത്തിന് നികത്താനാവാത്ത നഷ്ടം; ഖബറടക്കത്തിന് എത്തിയത് ആയിരങ്ങള്‍

  • Post category:local news
  • Reading time:3 mins read
You are currently viewing സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം. ആലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗം സമൂഹത്തിന് നികത്താനാവാത്ത നഷ്ടം; ഖബറടക്കത്തിന് എത്തിയത് ആയിരങ്ങള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയുടെ വിയോഗം സമൂഹത്തിന് നല്‍കിയത് നികത്താനാവാത്ത നഷ്ടം.അദ്ദേഹത്തിന് 86 വയസ്സായിരുന്നു. താജുശ്ശരീഅ എന്നാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്. ശനിയാഴ്ച രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖം കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്ന അലിക്കുഞ്ഞി മുസ്ലിയാര്‍ ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് വിടപറഞ്ഞത്. വിയോഗ വാര്‍ത്ത അറിഞ്ഞ് കേരള കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നായ് പതിനായിരങ്ങളാണ് ഉസ്താദിന്‍റെ വസതിയില്‍ എത്തിയത്.

ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെയും സ്‌നേഹ ജനങ്ങളുടെയും യാത്രാമൊഴികള്‍ ഏറ്റുവാങ്ങി ശനിയാഴ്ച വൈകിട്ട് 4:30 ന് ലത്തീഫിയ ഇസ്ലാമിക് കോംപ്ലക്‌സ് ചാരത്ത് കബറടക്കി. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഫഖ്റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് യു. പി എസ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, സി. മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, ബഷീര്‍ പുളിക്കൂര്‍, ആര്‍. പി ഹുസൈന്‍ മാസ്റ്റര്‍, ഫാറൂഖ് നഈമി കൊല്ലം,നിസാമുദ്ദീന്‍ ഫാളിലി കൊല്ലം, സി .എന്‍ ജഅ്ഫര്‍, റാഷിദ് ബുഖാരി, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ലത്തീഫ് സഅദി ഷീമോഗ, കെ. പി ഹുസൈന്‍ സഅദി കെ. സി റോഡ്, എടപ്പലം മുഹമ്മദ് മുസ്ലിയാര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍ അഹ്സനി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി തുടങ്ങിയ പ്രാസ്ഥാനിക നായകരും പണ്ഡിതരും അന്ത്യ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

രാഷ്ട്രീയ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ഡി. കെ ശിവകുമാര്‍, പി. കരുണാകരന്‍, എം. സി കമറുദ്ദീന്‍, എന്‍. എ നെല്ലിക്കുന്ന്, വി. വി രമേശന്‍, കെ. സുരേന്ദ്രന്‍, എ. കെ. എം അശ്റഫ്, എം. എ ലത്തീഫ് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം ദമ്പതികളുടെ മകനായി കാസർകോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്‍റെ ജനനം. പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനരംഭം. മുട്ടം ജുമാമസ്ജിദിൽ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ലാസ് വരെ സ്കൂൾ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്കൂളിലെയും ഗുരുനാഥൻ.

ഒളയം മുഹ് യുദ്ദീൻ മുസ്ലിയാരിൽ നിന്നാണ് ദർസാരംഭം. പിന്നീട് സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുക്കൽ രണ്ട് വർഷം പഠനം നടത്തി. അൽ ബയാൻ മാസിക പത്രാധിപരും സമസ്ത മുശാവറ അംഗവുമായിരുന്ന കാടേരി അബ്ദുൽ കലാം മുസ്ലിയാരുടെ പക്കൽ പരപ്പനങ്ങാടിയിൽ ദർസ് പഠനം തുടർന്നു. 1952ൽ പൊസോട്ട് ജുമാമസ്ജിദിൽ പൈവളിഗെ മുഹമ്മദ് ഹാജി മുസ്ലിയാരുടെ ദർസിൽ. പിറ്റേ വർഷം ഉപരിപഠനാർഥം തളിപ്പറമ്പ് ഖുവത്തുൽ ഇസ്ലാം അറബിക് കോളജിലേക്ക് പോയി. ഇ. കെ അബൂബക്കർ മുസ്ലിയാരായിരുന്നു മുദർറിസ്. ഇ കെ ഹസൻ മുസ്ലിയാരും സി. എം വലിയുല്ലാഹിയും ആയിരുന്നു കിതാബുകൾ ഓതിക്കൊടുത്തത്.

പിന്നീട് നാട്ടിൽ ഖത്വീബ് ആയി സേവനം ചെയ്യുമ്പോൾ നാട്ടിനടുത്ത് മുഹമ്മദാജി ഉസ്താദിന്‍റെ ദർസിൽ പഠനം നടത്തി. നെല്ലിക്കുന്നിലും ദർസ് ഓതി. നാട്ടിലെ ജോലി മതിയാക്കി അലിക്കുഞ്ഞി മുസ്ലിയാർ പരപ്പനങ്ങാടിയിൽ കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ ദർസിൽ ചേർന്നു. ഏഴ് വർഷമാണ് ഇവിടെ പഠിച്ചത്. 1962 ൽ ദയൂബന്ത് ദാറുൽ ഉലൂമിൽ ഉപരിപഠനം. ഖത്വീബുൽ ഹിന്ദ് ഖാരിഅ് മുഹമ്മദ് ത്വയ്യിബ് ആയിരുന്ന അവിടെ പ്രഥാന ഗുരുനാഥൻ. ദൗറത്തുൽ ഹദീസിലാണ് പഠനം നടത്തിയത്.

കാസര്‍കോട് ജില്ലയിലെ കുമ്പോലിലാണ് ആദ്യമായി ദർസ് നടത്തിയത്. മുപ്പതാം വയസ്സിൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി. സഹോദരങ്ങൾ: കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാൻ ഹാജി, മുഹമ്മദ് അബൂബക്കർ ഹാജി, മൂസ, ആഇഷ, ഹവ്വാഉമ്മ, അബ്ദുല്ല.

0Shares