
കാസർകോട്: ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി ജില്ലയ്ക്ക് സ്വന്തമായ ചക്ക ലോക മാര്‍ക്കറ്റില്‍ കാസര്‍കോടിന് ഇടം നേടിക്കൊടുക്കുമെന്ന് തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലോക മാര്‍ക്കറ്റില്‍ ഡ്രൈഫ്രൂട്ടുകളേക്കാള്‍ കൂടുതല്‍ മൂല്യമുള്ള ഉത്പന്നമാണ് ചക്കക്കുരുവെന്നും ചക്കക്കുരുവില്‍ നിന്നും കൂടുതല്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ തയ്യാറാക്കി ലോക മാര്‍ക്കറ്റിനെ ആകര്‍ഷിക്കാനുതകുന്ന തരത്തില്‍ അവതരിപ്പിച്ചാല്‍ മാര്‍ക്കറ്റില്‍ ഉത്പന്നത്തിന് ആവശ്യക്കാരുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള ജീവിത ശൈലിക്ക് ആഹാരമല്ല പോഷകമാണ് ആവശ്യം. പച്ച ചക്കയും ചക്കക്കുരുവും അത്തരത്തില്‍ പോഷകത്തിൻ്റെ കലവറയാണ്. അവയെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

നമുക്ക് ധാരാളമായി ലഭിക്കുന്ന ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കാന്‍ കഴിയും. ജില്ലയുടെ ബ്രാന്റായി ചക്ക മാറേണ്ടതുണ്ടെന്നും ഏറ്റവും ഗുണപ്രദവും ആരോഗ്യപ്രദവുമായ അഞ്ചോ പത്തോ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് മനോഹരമായി ബ്രാന്റ് ചെയ്ത് കൃത്യമായി മേല്‍നോട്ടം നടത്തിയാല്‍ ചക്കയെ കാസര്‍കോടിന് സ്വന്തമാക്കാമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന തലത്തില്‍ വ്യവസായ വാണിജ്യ വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും സംയുക്തമായി സംരംഭകരെ ചേര്‍ത്ത് പിടിച്ചുകൊണ്ടിരിക്കുന്ന സംരംഭ സൗഹൃദ അന്തരീക്ഷമാണ് ഇന്നുള്ളത്. നാളിതുവരെ കേരളം കണ്ടിട്ടില്ലാത്ത അത്രയും സംരംഭ സൗഹൃദമായി ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നിയോഗിച്ചിട്ടുള്ള ഇന്റേണുകള്‍ സംരംഭകരെ തേടിയിറങ്ങുന്ന സാഹചര്യം പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
ഒരു വര്‍ഷം സംരംഭ വര്‍ഷമായി പ്രഖ്യാപിച്ച് ഒരു ലക്ഷം സംരംഭകരെ നാടിന് നല്‍കാനുള്ള കര്‍മ്മ പരിപാടിയിലൂടെ ലോണും ലൈസന്‍സും സബ്‌സിഡിയുമെല്ലാം സംരംഭകര്‍ക്ക് നല്‍കുകയാണ്. ഇതിനോടകം 19,500ലധികം സംരംഭ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യ പ്രഭാഷണം നടത്തി.
25 വര്‍ഷത്തില്‍ അധികമായി ചക്കയില്‍ സംരംഭം ചെയ്യുന്ന സച്ചിദാനന്ദ ഖണ്ടിരിയെ മന്ത്രി ആദരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം വഴി ഏറ്റവും വലിയ തുക സബ്‌സിഡി ആയി ലഭിച്ച ആപ്പാസ് അപ്പാരല്‍സിനുള്ള സബ്‌സിഡി തുക എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. രേഖ നന്ദിയും പറഞ്ഞു. പ്രമുഖ ഗവേഷകന്‍ ശ്രീപദ്ര, കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കൃഷ്ണശ്രീ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
