
കാസർകോട്: മേൽപ്പാല നിർമ്മാണം നടക്കുന്നതിനാൽ തിങ്കളാഴ്‌ച രാത്രി (13 മെയ്) രാത്രി ഒമ്പത് മുതൽ കാസർകോട് നഗരത്തിലെ ദേശീയപാത അടയ്ക്കും. 12 മണിക്കൂർ നേരമാണ് പാത അടയ്ക്കുക. ദേശീയപാത 66ൻ്റെ മേൽപ്പാലത്തിൻ്റെ പണിയാണ് നടക്കുന്നത്. മേൽപ്പാലത്തിൻ്റെ സ്‌പാൻ കോൺക്രീറ്റ് ചെയ്യാനാണ് നുള്ളിപ്പാടി അയ്യപ്പഭജന മന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗം അടയ്ക്കുക.
കാഞ്ഞങ്ങാട് -കാസര്‍കോട് സംസ്ഥാന പാതയിലേക്കാണ് മംഗളൂരു ഭാഗത്തുനിന്ന് വരുന്ന വണ്ടികളെ വഴിതിരിച്ചുവിടുക. പുതിയ ബസ്സ്റ്റാന്‍ഡ് കവലയില്‍നിന്ന് തിരിഞ്ഞ് എം.ജി റോഡ് വഴി കയറണം. ചെര്‍ക്കള ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ വിദ്യാനഗര്‍- ചൗക്കി- ഉളിയത്തടുക്ക വഴിയും മധൂര്‍ റോഡ് വഴിയും തിരിച്ചുവിടും.
മഹാരാഷ്ട്ര മുതൽ തമിഴ്‌നാട് വരെയുള്ള അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആറുവരി പാതയുടെ ജോലികൾ കേരളത്തിൽ തകൃതിയായി നടക്കുകയാണ്. കേരളത്തിൽ പുതിയ നഗരങ്ങളെ രൂപപ്പെടുത്താൻ വരെ സാധ്യതയുള്ള പാത കൂടിയാണിത്.

നിലവിലെ നഗരങ്ങളുമായി ബന്ധപ്പെടുത്തി ഈ റോഡിന് പോകാൻ സ്ഥലലഭ്യതയുടെ പ്രശ്‌നമുണ്ടായിരുന്നു. ഇക്കാരണത്താൽ പലയിടത്തും നഗരങ്ങളിൽ നിന്ന് വിട്ടുമാറിയാണ് എൻ.എച്ച് 66ൻ്റെ യാത്ര. ഇത് പലയിടത്തും പുതിയ നഗരങ്ങളെയും പട്ടണങ്ങളെയും രൂപപ്പെടുത്തിയേക്കാം. സർവ്വീസ് റോഡുകളിലേക്ക് കയറുന്ന ഭാഗങ്ങളിലെല്ലാം പുതിയ കവലകളെങ്കിലും രൂപപ്പെടും.
കാസർകോട് നഗരത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ എൻ.എച്ച് 66ന് സാധിക്കും. കാസർകോട് നഗരത്തിന് മുകളിലൂടെ 27.5 മീറ്റർ വീതിയുള്ള പാലത്തിലാണ് ഈ ആറുവരിപ്പാത പോകുക. 1.12 കിലോമീറ്ററാണ് പാലത്തിൻ്റെ നീളം. കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഇതോടെ ഇല്ലാതാകും. പാലത്തിന് മുകളിലൂടെ വാഹനങ്ങളെല്ലാം കടന്നു പോകുമ്പോൾ നഗരത്തിന് അത് ഗുണം ചെയ്യുമോയെന്ന് ചിലർക്കെങ്കിലും സംശയമുണ്ട്.
പക്ഷെ, കാസർകോട് നഗരത്തിലൂടെ കടന്നുപോകുക മാത്രം വേണ്ട വാഹനങ്ങൾ അനാവശ്യമായി ഗതാഗത കുരുക്കുണ്ടാക്കുന്നത് മേലിലുണ്ടാകില്ല എന്നത് വലിയ ആശ്വാസമാണ്. ഇതുവഴി നഗരത്തിൻ്റെ യഥാർത്ഥ ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാൻ കഴിയും.
