പരസ്പര സമ്മതത്തോട് കൂടിയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ അത് കുറ്റകൃത്യമല്ല; നിയമപരമായ തിരിച്ചടി നേരിടുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ

  • Post category:news
  • Reading time:1 min read
You are currently viewing പരസ്പര സമ്മതത്തോട് കൂടിയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ അത് കുറ്റകൃത്യമല്ല; നിയമപരമായ തിരിച്ചടി നേരിടുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ

കോട്ടയം കറുകച്ചാലിൽ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ. പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ ഇടപെടാനാകില്ലെന്ന് ഡി. ശിൽപ പറഞ്ഞു.

പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതിൽ കേസെടുത്താൽ സദാചാര പൊലീസിങ്ങ് ആകുമെന്നും ഡി. ശിൽപ പറഞ്ഞു. പരാതി ലഭിച്ചാൽ മാത്രമേ കേസെടുക്കാനാകൂ അല്ലാത്തപക്ഷം നിയമപരമായ തിരിച്ചടി നേരിടുമെന്നും ചങ്ങനാശ്ശേരി സംഭവത്തിൽ പീഡനക്കേസാണ് എടുത്തിരിക്കുന്നതെന്നും ഡി. ശിൽപ അറിയിച്ചു.

”പരസ്പര സമ്മതത്തോട് കൂടിയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ അത് കുറ്റകൃത്യമല്ല. സദാചാര പൊലീസിങ്ങ് നമ്മൾ ചെയ്യാൻ പാടില്ല. സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കിൽ അത് റേപ് ആണ്. അങ്ങനെ പരാതി ലഭിച്ചാൽ കേസെടുക്കും,” ഡി. ശിൽപ പറഞ്ഞു. പങ്കാളികളെ പങ്കുവെച്ചതിൽ നിലവിൽ കോട്ടയത്ത് രജിസ്റ്റർ ചെയ്ത കേസ് ബലത്സംഗക്കേസായാണ് കൈകാര്യം ചെയ്യുന്നത്. സംഭവത്തിൽ ഭർത്താവ് തന്നെ നിർബന്ധിച്ചതായി ഭാര്യ മൊഴി നൽകുകയും ചെയ്തിരുന്നു.

ഈ കേസിൽ എടുത്തത് പങ്കാളികളെ കൈമാറ്റം ചെയ്തതിനുള്ള കേസല്ല. ബലാത്സംഗ പരാതിയാണ് ഞങ്ങൾക്ക് കിട്ടിയത്. ഭാര്യയെ ഭർത്താവ് നിർബന്ധപൂർവം പങ്കാളികളെ പങ്കുവെക്കുന്ന പാർട്ടികളിലേക്ക് കൊണ്ടുപോയി എന്നതാണ് കേസ്. അവിടെ സ്ത്രീയുടെ സമ്മതമില്ലാത്തതു കൊണ്ട് അത് റേപ് ആവും. റേപ് കേസാണ് അവിടെ എടുത്തത്. ഈ കാര്യമാണ് ആദ്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്. സോഷ്യൽ മീഡിയ വഴി ഒരുപാട് പേർ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്,” ഡി. ശിൽപ കൂട്ടിച്ചേർത്തു.

0Shares