
രാജ്യദ്രോഹക്കുറ്റം മുസ്‌ലിങ്ങള്‍ക്ക് മാത്രം ചുമത്താനുള്ളതാണോയെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ബോളിവുഡ് താരം കങ്കണ റാവട്ടിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”രാജ്യത്തെ ഉന്നത സിവിലിയന്‍ പുരസ്‌കാരം ലഭിച്ച ഒരു വനിത പറയുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നാണ്. ഇത് പറഞ്ഞത് ഒരു മുസ്‌ലിമായിരുന്നെങ്കില്‍ എന്താവുമായിരുന്നു പ്രതികരണം, അവരുടെ പേരില്‍ യുഎപിഎ ചുമത്തും. മുട്ടുകാലില്‍ വെടിവെച്ചു വീഴ്ത്തി ജയിലിലടക്കും”-അലിഗഡില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ ഉവൈസി പറഞ്ഞു.

ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണ്, 1947ല്‍ ലഭിച്ചത് ഭിക്ഷയായിരുന്നു എന്നാണ് ഒരു പരിപാടിയില്‍ കങ്കണ പറഞ്ഞത്. ഇതിനെതിരെ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞ കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി.ജെ.പി-ആര്‍.എസ്എസ് നേതൃത്വം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
ഇന്ത്യ പാകിസ്താന്‍ മത്സരത്തില്‍ പാക് വിജയം ആഘോഷിക്കുന്നവരെ ജയിലിലടക്കുമെന്നാണ് ബാബ (യു.പി മുഖ്യമന്ത്രി ആദിത്യനാഥ്) ഭീഷണിപ്പെടുത്തിയത്. എന്നാല്‍ കങ്കണയുടെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹമോ പ്രധാനമന്ത്രിയോ മിണ്ടുന്നില്ല. എന്തുകൊണ്ടാണ് കങ്കണയുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താത്തത്? അത് മുസ്‌ലിങ്ങള്‍ക്ക് മാത്രമുള്ളതാണോ?-ഉവൈസി ചോദിച്ചു.
