ജ്വല്ലറി തട്ടിപ്പ്; എം.എല്‍.എ എം.സി കമറുദ്ദീനെതിരെ ലീഗിൽ അതൃപ്തി?; പാണക്കാട് നേരിട്ട് എത്തി വിശദീകരണം നൽകാൻ ലീഗ് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി

  • Post category:local news / news
  • Reading time:1 min read
You are currently viewing ജ്വല്ലറി തട്ടിപ്പ്; എം.എല്‍.എ എം.സി കമറുദ്ദീനെതിരെ ലീഗിൽ അതൃപ്തി?; പാണക്കാട് നേരിട്ട് എത്തി വിശദീകരണം നൽകാൻ ലീഗ് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടേയും ജ്വല്ലറി എം.ഡി ടി.കെ പൂക്കോയ തങ്ങളുടേയും വീടുകളിൽ പോലീസ് റെയ്ഡ് നടന്നു. ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകൾ പൂക്കോയ തങ്ങളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നും ഇയാൾ ഒളിവിൽ പോയെന്നും പോലീസ് പറഞ്ഞു. അതേസമയം തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീനോട് പാണക്കാട് എത്തി വിശദീകരണം നൽകാൻ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി.

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എം.സി കമറുദ്ദീൻ എം.എൽ.എയുടെ പടന്നയിലെ വീട്ടിലും എം.ഡി പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് ചന്ദേര സി.ഐയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. നിക്ഷേപകരുടെ പരാതിയിൽ എം.എൽ.എക്കും പൂക്കോയ തങ്ങൾക്കുമെതിരെ 12 വ‍‌‌ഞ്ചന കേസുകളാണ് ചന്ദേര പോലീസ് സ്റ്റേഷനിലുള്ളത്. ഈ കേസുകൾ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുന്നോടിയായി രേഖകൾ ശേഖരിക്കുന്നതിനാണ് റെയ്ഡെന്നാണ് വിവരം. ഇരുവരും വീടുകളിൽ ഉണ്ടായിരുന്നില്ല. ലക്ഷങ്ങൾ നിക്ഷേപമായി നൽകിയ ലീഗ് പ്രവർത്തകരടക്കം 19 പേരാണ് ഇതിനകം പോലീസിൽ പരാതി നൽകിയത്.

അതേസമയം വ്യാഴാഴ്ച്ച പാണക്കാട് നേരിട്ട് എത്തി വിശദീകരണം നൽകാൻ ലീഗ് സംസ്ഥാന നേതൃത്വം എംസി കമറുദ്ദീന് നിർദ്ദേശം നൽകി. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ നിരവധി തട്ടിപ്പ് കേസുകളായതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.

0Shares