
ഇറാന്‍ ആണവ ശാസ്ത്രജ്ഞനെ കൊന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സുള്ള മെഷീന്‍ ഗണ്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. സാറ്റലെറ്റ് വഴി നിയന്ത്രിക്കാവുന്ന, കാമറ സംവിധാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സുമുള്ള മെഷീന്‍ ഗണ്ണുപയോഗിച്ചാണ് ഇറാന്റെ സുപ്രധാന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫക്രിസാദെഹിനെ കൊന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അമേരിക്ക, ഇസ്രയേല്‍, ഇറാന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ വഴി ന്യൂയോര്‍ക്ക് ടൈംസ് തയാറാക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

റോബോട്ടിക്സ് സാധ്യതകള്‍ ഉപയോഗിക്കാനാകുന്ന ബെല്‍ജിയന്‍ നിര്‍മിത എഫ്.എന്‍ മാഗ് മെഷീന്‍ ഗണ്ണാണ് കൃത്യത്തിന് ഉപയോഗിച്ചത്. ഒരു ടണ്ണിലധികം ഭാരം വരുന്ന മെഷീന്‍ ഗണ്‍, റോബോട്ട്, മറ്റു ഭാഗങ്ങള്‍ ചെറുഭാഗങ്ങളാക്കി, വ്യത്യസ്ത വഴികളിലൂടെ, വിവിധ സമയങ്ങളിലാണ് ഇറാനിലേക്ക് എത്തിച്ചത്. പിന്നീട് എല്ലാം ഒരുമിച്ചു കൂട്ടുകയായിരുന്നു.
ഇറാനില്‍ പൊതുവായി ഉപയോഗിക്കുന്ന പിക്കപ്പിന്‍റെ രൂപത്തിലായിരുന്നു ഇവയുടെ നിര്‍മാണം. ട്രക്കിന്‍റെ പലഭാഗത്തായി നിരവധി കാമറകള്‍ ഘടിപ്പിക്കപ്പെട്ടു. ലക്ഷ്യത്തെ കുറിച്ചും പരിസരത്തുമുള്ള വിശദ വിവരങ്ങള്‍ നല്‍കാനായിരുന്നിത്. ദൗത്യം കഴിഞ്ഞ് നേരത്തെ നിശ്ചയിച്ചതനുസരിച്ച് പിക്കപ്പില്‍ ശേഖരിച്ച സഫോടക വസ്തുക്കള്‍ പൊട്ടിച്ച് തെളിവു നശിപ്പിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
