
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. ഇറാനിയൻ കാമൻഡർ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്. ട്രംപിനെ പിടികൂടാൻ ആഗോള പൊലീസ് സംഘടന ഇൻറർപോൾ സഹായവും ഇറാൻ അഭ്യർത്ഥിച്ചു.
ഡോണൾഡ് ട്രംപിന് പുറമെ ഡ്രോൺ ആക്രമണത്തിന് നേതൃത്വം നൽകിയവരെന്ന് കരുതപ്പെടുന്നവർക്ക് എതിരെയും അറസ്റ്റ് വാറണ്ട് ഉണ്ട് – ഇറാൻ വാർത്താ ഏജൻസി ഐ.എസ്‍.എൻ.എ റിപ്പോർട്ട് ചെയ്യുന്നു.
30 പേർക്കാണ് കുറ്റകൃത്യത്തിൽ പങ്കെന്നാണ് ഇറാൻ ആരോപിക്കുന്നത്. കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങളാണ് ഡോണൾഡ് ട്രംപിന് എതിരെ ചുമത്തിയിരിക്കുന്നത്.

ഇറാഖിലെ ബാഗ്‍ദാദിൽ വെച്ചാണ് ജനുവരി മൂന്നിന് ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ബാഗ്ദാദിലെ എയർപോർട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെടുന്നത്. സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയിരുന്നു.
