
എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ. ആക്രമണത്തെക്കുറിച്ചുള്ള രാജ്യത്തിൻ്റെ ആദ്യ പൊതു അഭിപ്രായമാണിത്. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസിൽ സൽമാൻ റുഷ്ദിയെ ആക്രമിച്ച സംഭവത്തിൽ ഇറാനെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ല. റുഷ്ദിയും അദ്ദേഹത്തിൻ്റെ അനുയായികളും ഒഴികെ മറ്റാരും ഒരു കുറ്റപ്പെടുത്തലും അർഹിക്കുന്നില്ലെന്നും കനാനി പറഞ്ഞു.
പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വയിൽ സാഹിത്യപരിപാടിക്കിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്. 1988-ൽ പ്രസിദ്ധീകരിച്ച ‘സെയ്റ്റാനിക് വേഴ്സസ്’ എന്ന നോവലിൽ മതനിന്ദയാരോപിച്ച് ഇറാൻ, സൽമാൻ റുഷ്ദിയുടെ ജീവനെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാത്താനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക ഘട്ടങ്ങളിലൂടെ അതിജീവിക്കുന്ന വ്യക്തിയുടെ ജീവിതമായിരുന്നു നോവലിൻ്റെ ഇതിവൃത്തം.1988ൽ പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, ‘ദ സാത്താനിക് വേഴ്‌സസ്’ നിരവധി വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പുസ്തകം നിരവധി രാജ്യങ്ങൾ നിരോധിച്ചിരുന്നു.
