
കൊച്ചി: ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ പോലീസ് ഇൻസ്പെക്ടര്‍ക്ക് സ്ഥലംമാറ്റം. കടവന്ത്ര സ്റ്റേഷൻ ഇൻസ്പെക്ടര്‍ ജി.പി മനുരാജിനെയാണ് കാസര്‍കോട് ചന്തേരിയിലേക്ക് സ്ഥലം മാറ്റിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ശനിയാഴ്‌ച രാത്രിയാണ് എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വെച്ച് മനുരാജ് സഞ്ചരിച്ച കാര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം ബൈക്ക് യാത്രക്കാരനെ തിരിഞ്ഞുപോലും നോക്കാതെ പോകുകയായിരുന്നു. ശേഷം കാര്‍ രണ്ടുകിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ ഭാഗത്താണ് നിറുത്തിയത്. ശരീരമാസകലം പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചോരയില്‍ കുളിച്ച് റോഡില്‍ കിടന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തില്‍, ബൈക്ക് യാത്രക്കാരൻ മട്ടാഞ്ചേരി സ്വദേശി വിമല്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടികള്‍ വൈകുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മനുരാജിനെ കേസില്‍ നിന്ന് ഒഴിവാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
സംഭവം വിവാദമായതോടെ വിമലിൻ്റെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തത്. എന്നാല്‍, എഫ്.ഐ.ആറില്‍ ഇൻസ്പെക്ടറുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല. ഇത് വിമല്‍ നല്‍കിയ മൊഴിയില്‍ പ്രതിയുടെ പേര് പറയാത്തതിനാൽ ആണെന്നാണ് പൊലീസിൻ്റെ വിശദീകരണം.
