
തിരുവനന്തപുരം: കലഞ്ഞൂരില്‍ യുവതിയുടെ കൈപ്പത്തി ഭര്‍ത്താവ് വെട്ടിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശി വിദ്യ(27) യുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. അറ്റുപോയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ കഴിഞ്ഞദിവസം തുന്നിച്ചേര്‍ത്തിരുന്നു.
ഭര്‍ത്താവ് സന്തോഷ് ഇതിനുമുമ്പും യുവതിയെ മര്‍ദിച്ചിരുന്നു. വിദ്യയ്ക്ക് തന്നേക്കാള്‍ വിദ്യാഭ്യാസമുള്ളതും, കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിലും ഇയാള്‍ക്ക് ഇഷ്ടക്കേടുണ്ടായിരുന്നു. പ്രതി മകൻ്റെ പേരിടല്‍ ചടങ്ങിനെത്തിയപ്പോള്‍ പോലും വിദ്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്നാണ് വിവാഹ മോചനത്തിനായി യുവതി കേസ് ഫയല്‍ ചെയ്തത്. ഒരാഴ്‌ച മുമ്പ് മകനെ തനിക്ക് വിട്ടുതരണമെന്ന് സന്തോഷ് വിദ്യയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. യുവതി അതിന് തയ്യാറാകാതെ വന്നതോടെയാണ് ആക്രമിച്ചത്.
വിദ്യയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എം.ഡി ഐ.സി.യുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. താന്‍ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയുമ്പോള്‍ വിദ്യയുടെ കണ്ണ് നിറയുകയായിരുന്നു. മന്ത്രി ധൈര്യം നല്‍കി, മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടുമെന്ന് പറഞ്ഞ് വിദ്യയെ ആശ്വസിപ്പിച്ചു.
ഐസിയുവിലുള്ള ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. ഇടതുകൈപ്പത്തി പൂര്‍ണമായി അറ്റ് തൂങ്ങിയ നിലയിലായിരുന്നു. വലത് കൈയ്ക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിന് പൊട്ടലുണ്ട്. മന്ത്രി വീണാ ജോര്‍ജിൻ്റെ നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. രോഗിയെ കൊണ്ടുവന്ന് അര മണിക്കൂറിനകം ശസ്ത്രക്രിയ നടത്താനായി.

രാത്രി 12 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ എട്ട് മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. വിദ്യയുടെ പൊതു ആരോഗ്യസ്ഥിതി പുരോഗമിച്ച് വരുന്നു. കൈയ്ക്ക് സ്പര്‍ശന ശേഷിയും കൈ അനക്കുന്നുമുണ്ട്. ഇത് പോസിറ്റീവ് സൂചനകളാണ്. വീഡിയോ കോള്‍ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. 48 മണികൂര്‍ കൂടി നിരീക്ഷണം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിദ്യയുടെ മാതാപിതാക്കളുമായും മന്ത്രി സംസാരിച്ചു. വെട്ടേറ്റ് ചികിത്സയിലുള്ള പിതാവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. മകളെപ്പറ്റി പറയുമ്പോള്‍ ഇരുവരും വിതുമ്പുന്നുണ്ടായിരുന്നു. മന്ത്രിയുടേയും കണ്ണ് നനഞ്ഞു. വനിത ശിശുവികസന വകുപ്പിൻ്റെ നിയമപരമായ സഹായവും ഉറപ്പ് നല്‍കി. മന്ത്രിയുടെ ഇടപെടലിനും ഡോക്ടര്‍മാര്‍ കൃത്യസമയത്ത് ഇടപെട്ട് ശസ്ത്രക്രിയ നടത്തിയതിനും അവര്‍ നിറകണ്ണുകളോടെ നന്ദിയറിയിച്ചു. വിദ്യയുടെ ചികിത്സ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
