
പത്തനംതിട്ട: ഇരട്ടനരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിൻ്റെ വീട്ടുവളപ്പില്‍ റോസ്‌ലി, പത്മ എന്നിവരെ കൂടാതെ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന് പൊലീസിന് സംശയം. ഭഗവല്‍ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച മറുപടികളാണ് പൊലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.

ഇക്കാര്യത്തില്‍ സംശയ നിവാരണത്തിനായി മൃതദേഹം കണ്ടെത്തുന്നതില്‍ പ്രത്യേക വൈദഗ്ധ്യം ലഭിച്ച മായ, മര്‍ഫി എന്നീ പൊലീസ് നായകളെ കൂടി ഭഗവല്‍ സിങ്ങിൻ്റെ വീട്ടിലെ പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. എത്ര പഴക്കമുള്ളതും ആഴത്തിലുള്ളതുമായ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ചിട്ടുള്ളതാണ് ഈ പോലീസ് നായകൾ.

രാവിലെ കൊച്ചിയില്‍ നിന്നാണ് നരബലിക്കേസിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിങ്ങ്, ലൈല എന്നിവരെ കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തില്‍ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. പ്രതികളെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
സംശയ സാഹചര്യത്തിൽ ഒരു എല്ലിൻ കഷ്ണം കണ്ടെത്തി. എന്നാൽ ഇത് മനുഷ്യൻ്റെതോ മറ്റേതെങ്കിലും മൃഗത്തിൻ്റെതോ ആണോ എന്നു വ്യക്തമായിട്ടില്ല. ഇതില്‍ ഒരു നായ മണം പിടിച്ചുനിന്ന സ്ഥലമാണ് കുഴിച്ച് പരിശോധിക്കുന്നത്. നാട്ടുകാര്‍ നേരത്തെ സംശയം പ്രകടിപ്പിച്ച സ്ഥലത്താണ് നായ നിന്നത്. മൂന്ന് പ്രതികളെയും സ്ഥലത്തെത്തിച്ചു ചോദ്യം ചെയ്യുന്നുമുണ്ട്. തെളിവെടുപ്പിനായി പ്രതികളെ എത്തിച്ച സാഹചര്യത്തില്‍ ഇലന്തൂരില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വന്‍ജനക്കൂട്ടമാണ് ഇവിടെയുള്ളത്.
