
വിസ്മയ ആത്മഹത്യ ചെയ്തതല്ലെന്നും, ഭര്‍ത്താവ് കിരണ്‍ കുമാര്‍ കൊലപ്പെടുത്തിയതാകാമെന്നുമുള്ള അഭ്യൂഹം ശക്തമായിരിക്കേ, നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചെന്നാണ് സൂചന. 140 സെന്റീമീറ്റര്‍ നീളമുള്ള ടര്‍ക്കി ടവ്വല്‍ ഉപയോഗിച്ചാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് കിരണിന്‍റെയും ബന്ധുക്കളുടേയും മൊഴി.
സാഹചര്യ തെളിവുകളും മൊഴികളിലെ വൈരുദ്ധ്യവുമാണ് കിരണ്‍കുമാറിന്‍റെ കുടുബത്തിന് വിനയാകുന്നത്. കിരണിന്‍റെ അച്ഛനും അമ്മയും കേസില്‍ പ്രതിയാകാനാണ് സാധ്യത. തറനിരപ്പില്‍ നിന്ന് 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്പിയില്‍, 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തൂങ്ങി മരിക്കുക എന്നതു തന്നെ സംശയം ജനിപ്പിക്കുന്നതാണ്.

തന്നെക്കാള്‍ 19 സെന്റിമീറ്റര്‍ ഉയരക്കൂടുതലുള്ള ജനല്‍ കമ്പിയില്‍ ഒരാള്‍ക്ക് തൂങ്ങി മരിക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. 140 സെന്റീമീറ്റര്‍ നീളമുള്ള ടവ്വല്‍ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയാലും മരണപ്പെടാന്‍ സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്. കെട്ടി തൂങ്ങുമ്പോള്‍ ടവ്വലുകള്‍ അയഞ്ഞു പോകാനാണ് സാധ്യത കൂടുതല്‍. ജനല്‍ കമ്പിയില്‍ ടവ്വല്‍ കെട്ടുമ്പോള്‍ പിന്നേയും തറനിരപ്പുമായുള്ള അകലം കൂടും.
ഈ സമയം 19 സെന്റിമീറ്റര്‍ ഗ്യാപ്പ് മാത്രമേ ഉള്ളൂവെങ്കില്‍ മരണം അസാധ്യമാകും. ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടതു കിരണ്‍ മാത്രമാണ്. ഇതും ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനുമായി, കിരണിനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 ബി (സ്ത്രീധന പീഡന മരണം) , 498 എ (കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശാരീരിക, മാനസിക പീഡനം) എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്.
മൃതദേഹത്തില്‍, കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഇതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. വിസ്മയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടുകളും ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അതേസമയം, ആന്തരികാവയവങ്ങളായ കരള്‍, വൃക്ക, ആമാശയം, രക്തം എന്നിവയുടെ ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി റിപ്പോര്‍ട്ട് കൂടി ലഭ്യമായാലേ വിഷം ഉള്ളില്‍ ചെന്നാണോ മരണം, മരണത്തിന് ശേഷം ടൗവ്വല്‍ ടര്‍ക്കിയില്‍ കെട്ടി തൂക്കിയതാണോയെന്ന കാര്യങ്ങളില്‍ വ്യക്തത വരുകയുള്ളു. ഇതിന്‍റെ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്.
