ഇന്ത്യയിൽ വെള്ളത്തിനടിയിലൂടെ ആദ്യ തുരങ്കപാത വരുന്നു; ചെലവ് ഏകദേശം 7,000 കോടി രൂപ; ലക്ഷ്യം ചൈനീസ് വെല്ലുവിളി മറികടക്കൽ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിൽ വെള്ളത്തിനടിയിലൂടെ ആദ്യ തുരങ്കപാത വരുന്നു; ചെലവ് ഏകദേശം 7,000 കോടി രൂപ; ലക്ഷ്യം ചൈനീസ് വെല്ലുവിളി മറികടക്കൽ

അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ തന്ത്രപ്രധാനമായ തുരങ്കം നിർമിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഇത്തരമൊരു തുരങ്കപാത. ചൈന ഉയർത്തുന്ന വെല്ലുവിളി നേരിടുകയാണ് ലക്ഷ്യം. ഏകദേശം 7,000 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

ബോഡര്‍ റോഡ് ഓര്‍ഗനൈനേഷനുമായി (ബി.ആര്‍.ഒ) ചേര്‍ന്നാണ് പദ്ധതിയുടെ ആസൂത്രണമെന്ന് കേന്ദ്ര റെയില്‍വേ, ഗതാഗത മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബ്രഹ്‌മപുത്രയ്ക്ക് കുറുകെ വെള്ളത്തിനടയിലൂടെ മൂന്ന് തുരങ്കങ്ങളാണ് നിര്‍മിക്കുക. ഇതില്‍ ഒന്ന് റോഡ് ഗതാഗതത്തിനും മറ്റൊന്ന് ട്രെയിന്‍ ഗതാഗതത്തിനുമാണ്. മൂന്നാമത്തെ പാത അടിയന്തര സേവനങ്ങള്‍ക്കായി മാറ്റിവയ്ക്കും. പ്രത്യേക ഇടനാഴിയിലൂടെ ഇവമൂന്നും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.

തുരങ്കം സിവിലിയൻ, സൈനിക ആവശ്യങ്ങൾക്കായി ഉദ്ദേശിച്ചുള്ളതാണ്. അസമിലെ തേസ്പൂരിൽ നിന്ന് അരുണാചൽ പ്രദേശിലെ ബ്രഹ്മപുത്ര നദിയുടെ പ്രവേശന കവാടത്തിലേക്ക് തുരങ്കം നിർമിക്കാനാണ് പദ്ധതി. 9.8 കിലോമീറ്ററായിരിക്കും തുരങ്കത്തിൻ്റെ നീളം. നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമായും അരുണാചല്‍ അതിര്‍ത്തിയിലെ ചൈനീസ് വെല്ലുവിളി മറികടക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയുടെ തുരങ്ക നിര്‍മാണം. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ അടിയന്തര ഘട്ടങ്ങളില്‍ അതിര്‍ത്തിയിലേക്ക് എളുപ്പത്തില്‍ സൈനികരെയും ആയുധങ്ങളെയും എത്തിക്കാന്‍ സാധിക്കും. പ്രതിരോധ മന്ത്രാലയത്തിൻ്റെ അനിവാര്യമായ ആവശ്യങ്ങളിലൊന്നാണ് ഈ തുരങ്കപാതയെന്ന് റെയില്‍വേ മന്ത്രാലയ യോഗത്തിൻ്റെ മിനിറ്റ്സിലും വ്യക്തമാക്കുന്നു.

0Shares