
അമേരിക്കയിലെ ഇന്ത്യക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പ്രതിഷേധിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്. നാളെ ന്യൂയോർക്കിൽ നടക്കുന്ന മോദിയുടെ പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യൻ കർഷകരുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ഇടപെടലുണ്ടാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും അദ്ദേഹം അഭ്യർത്ഥിച്ചു.
‘കർഷകരുടെ പ്രതിഷേധം നിങ്ങൾ (അമേരിക്കയിലുള്ള ഇന്ത്യക്കാർ) അവിടെ പ്രകടിപ്പിക്കണം. കർഷകരില്ലെങ്കിൽ ഭക്ഷണവുമില്ല എന്നെഴുതിയ പ്ലക്കാർഡുകൾ നിങ്ങൾ ന്യൂയോർക്കിലെ പരിപാടിയിൽ ഉയർത്തണം,’ ടികായത് പറഞ്ഞു.

കേന്ദ്രത്തിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ 10 മാസത്തോളമായി കർഷകർ സമരത്തിലാണ്. ഇതിനോടകം 750 ഓളം കർഷകർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴയും വെയിലും മഞ്ഞും വകവെക്കാതെയാണ് തങ്ങൾ സമരരരംഗത്ത് തുടരുന്നതെന്നും എന്നാൽ കേന്ദ്രത്തിന് തങ്ങളോട് അനുഭാവപൂർണ്ണമായ നിലപാടല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ സെപ്റ്റംബർ 27 ന് കർഷകർ ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
