
തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.

തീവണ്ടിയ്‌ക്കുള്ളിൽ യാത്രികർ ഉറക്കെ പാട്ടുവയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജീവനക്കാർക്കാണ്. ഇനി മുതൽ കോച്ചുകളിൽ രാത്രി 10 മണിയ്‌ക്ക് ശേഷം ലൈറ്റുകളും അണയ്‌ക്കാനും റെയിൽവേയുടെ നിർദ്ദേശമുണ്ട്. നൈറ്റ് ലൈറ്റുകൾ ഒഴികെ ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ആക്കണം. ഈ നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കാനാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ തീരുമാനം.
ഉത്തരവിൻ്റെ ലംഘനമുണ്ടായാൽ ആർ.പി.എഫ്, ടി.ടി.ആർ മറ്റ് ജീവനക്കാർ എന്നിവരെ ഉത്തരവാദികളായി പരിഗണിക്കും. സംഘമായി യാത്ര ചെയ്യുന്നവർക്ക് രാത്രി അനാവശ്യമായി സംസാരിക്കുന്നതിനും വിലക്കുണ്ട്.
