
പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ. സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. അതേസമയം, അഭയാർത്ഥി കടന്നുകയറ്റം തടയാൻ ലങ്കയുമായുള്ള സമുദ്രാതിർത്തികളിൽ സുരക്ഷാ വിന്യാസവും നിരീക്ഷണവും ഇന്ത്യ കൂടുതൽ ശക്തമാക്കി.
ശ്രീലങ്കയിലെ പ്രക്ഷോഭം അടിച്ചമർത്താൻ ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ചില വിദേശ മാധ്യമങ്ങളും ഈ പ്രചാരണം ഏറ്റെടുത്തിരുന്നു. രജപക്‌സെ ആവശ്യപ്പെട്ടാൽ ഇന്ത്യ നിശ്ചയമായും സൈന്യത്തെ അയക്കണമെന്ന മുൻ ബി.ജെ.പി എം.പി സുബ്രഹ്‌മണ്യൻ സ്വാമിയുടെ പ്രതികരണമടക്കം ഏറ്റെടുത്തായിരുന്നു പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് ലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നിലപാട് വ്യക്തമാക്കുന്നത്.

വാസ്തവ വിരുദ്ധമായ പ്രചാരണമാണ് നടക്കുന്നത്. ഇന്ത്യ ഒരിക്കലും അത്തരമൊരു നീക്കം നടത്തില്ല. ലങ്കയിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ. അവരുടെ ക്ഷേമത്തിനായി മാനുഷിക പിന്തുണയും സഹായവും തുടരുമെന്നും ഹൈക്കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ലങ്ക നേരിടുന്ന വെല്ലുവിളി തിരിച്ചറിയുന്നുണ്ടെങ്കിലും ഭരണപ്രതിസന്ധിയിൽ ഇടപെടേണ്ടെന്ന നിലപാടിൽ തന്നെയാണ് ഇന്ത്യ.
