സ്വാതന്ത്ര്യദിനാഘോഷം: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ മത്സര പരിപാടികള്‍; വിജയികളെ ഉള്‍പ്പെടുത്തി സ്വാതന്ത്ര്യ സമര പഠനയാത്ര

  • Post category:local news
  • Reading time:2 mins read
You are currently viewing സ്വാതന്ത്ര്യദിനാഘോഷം: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ മത്സര  പരിപാടികള്‍; വിജയികളെ ഉള്‍പ്പെടുത്തി  സ്വാതന്ത്ര്യ സമര  പഠനയാത്ര

കാസര്‍കോട്: ഇന്ത്യ സ്വതന്ത്രമായതിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിന്‍റെ ആസാദികാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനപ്രകാരം കാസര്‍കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 12വരെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ പരിപാടികള്‍, മത്സരങ്ങള്‍, പഠനയാത്ര തുടങ്ങിയവ സംഘടിപ്പിക്കും. ചിരസ്മരണ എന്ന പേരിലാണ് പരിപാടി.

പടന്നക്കാട് ബി.ആര്‍.സി യില്‍ ചേര്‍ന്ന ആലോചനയോഗം പരിപാടികള്‍ക്ക് രൂപം നല്‍കി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.എം.ബാലന്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ കെ.വി പുഷ്പ പ്രൊഫ.കെ.പി.ജയരാജന്‍, പ്രൊഫ.വി.കുട്ട്യന്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വി.ദിലീപ് കുമാര്‍ സര്‍വ്വശിക്ഷ കേരള ജില്ലാ പ്രോഗ്രാം മാനേജര്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഡയറ്റ് അധ്യാപകര്‍, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് , എന്‍എസ്എസ്, ബിആര്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രബന്ധരചന മത്സരം മലയാളത്തിലും കന്നഡയിലും സംഘടിപ്പിക്കും. സാമാജ്യത്യവിരുദ്ധ പോരാട്ടങ്ങള്‍ക്ക് കയ്യൂര്‍ സമരത്തിന്‍റെ സംഭാവനയാണ് വിഷയം. സ്‌കൂള്‍ തല മത്സരം ആഗസ്റ്റ് അഞ്ചിനകം പൂര്‍ത്തിയാക്കും.എ ഫോര്‍ പേപ്പറില്‍ എഴുതി തയ്യാറാക്കിയ പ്രബന്ധം വിദ്യാലയ മേലധികാരി സാക്ഷ്യപത്രത്തോട് കൂടി ആഗസ്റ്റ് ഒമ്പതിന് അതത് ഉപജില്ലാ തലത്തില്‍ ലഭിക്കണം.

ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ കയ്യൂര്‍ സമരം എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം നടക്കും. സ്‌കൂള്‍തല മത്സരത്തെ തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിന് പഞ്ചായത്ത്/ നഗരസഭാതല മത്സരങ്ങള്‍ നടക്കും. വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രത്തോട് കൂടി അതത് കേന്ദ്രങ്ങളില്‍ കുട്ടികള്‍ എത്തിച്ചേരണം.ആഗസ്റ്റ് 14 ന് ജില്ലാതല വിജയികളെ പ്രഖ്യാപിക്കും.

ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെ കാസര്‍കോട് ജില്ലയില്‍ നടന്ന ജനകീയ മുന്നേറ്റങ്ങള്‍’ എന്ന വിഷയത്തില്‍ പഠന പ്രൊജക്ട് മത്സരം സംഘടിപ്പിക്കും. മലയാളം, കന്നഡ ഭാഷകളില്‍ പ്രൊജക്ട് തയ്യാറാക്കാം. അഞ്ച് പേര്‍ വീതമുള്ള ഓരോ സംഘങ്ങളായി വേണം പ്രൊജക്ട് തയ്യാറാക്കി അവതരിപ്പിക്കേണ്ടത്. സ്‌കൂളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ഒരു പ്രൊജക്ട് വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രത്തോട് കൂടി അതത് ഉപജില്ലാ ഓഫീസുകളില്‍ ആഗസ്റ്റ് 21 നകം ലഭ്യമാക്കണം.

യു. പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ കയ്യൂര്‍ സമരം എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. സ്‌കൂള്‍തല മത്സരത്തില്‍ തെരഞ്ഞെടുത്തവരെ ഉള്‍പ്പെടുത്തി ആഗസ്റ്റ് ഒമ്പതിന് പഞ്ചായത്ത്/ നഗരസഭാതല മത്സരങ്ങള്‍ നടക്കും. വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രത്തോട് കൂടി അതത് കേന്ദ്രങ്ങളില്‍ കുട്ടികള്‍ എത്തിച്ചേരണം.

യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജീവചരിത്ര നിഘണ്ടു തയ്യാറാക്കല്‍ മത്സരം നടത്തും. കാസര്‍കോട് ജില്ലയിലെ സ്വാതന്ത്ര സമര സേനാനികളെ അറിയാം എന്നതാണ് വിഷയം. മലയാളത്തിലും കന്നഡയിലും നിഘണ്ടു തയ്യാറാക്കാം. സ്‌കൂള്‍തല മത്സരം ആഗസ്റ്റ് 14 നകം പൂര്‍ത്തിയാക്കണം. എ ഫോര്‍ പേപ്പറില്‍ എഴുതി തയ്യാറാക്കിയ നിഘണ്ടു വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം അതത് ഉപജില്ലാ ആഗസ്റ്റ് 24 നകം ഓഫീസുകളില്‍ ലഭ്യമാക്കണം.

എല്‍. പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിക്കും. സ്വാതന്ത്ര്യസമരം കാസര്‍കോടിന്റെ മണ്ണില്‍ എന്നതാണ് വിഷയം. മലയാളത്തിലും കന്നഡയിലും മത്സരം നടക്കും. ആഗസ്റ്റ് 4സ്‌കൂള്‍തല മത്സരവും ആഗസ്റ്റ് പത്തിന് ഉപജില്ലാ മത്സരവും ആഗസ്റ്റ് 17 ന് ജില്ലാതല മത്സരവും നടക്കും.

0Shares