അനിശ്ചിതമായ ലോക്ക് ഡൗൺ; കടകൾ അടച്ചിട്ടുകൊണ്ട് വ്യാപാരികളുടെ നിൽപ് സമരം വ്യാഴാഴ്ച

  • Post category:local news
  • Reading time:1 min read
You are currently viewing അനിശ്ചിതമായ ലോക്ക് ഡൗൺ; കടകൾ അടച്ചിട്ടുകൊണ്ട് വ്യാപാരികളുടെ നിൽപ് സമരം വ്യാഴാഴ്ച

കഴിഞ്ഞ ഒന്നര വർഷമായി വ്യാപാര മേഖല കടുത്ത വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് രണ്ടാം വരവോടെ മെയ് 4 മുതൽ ആരംഭിച്ച ലോക്ക് ഡൗൺ ഓരോ ആഴ്ചയും നീട്ടികൊണ്ട് അനിശ്ചിതമായി നീണ്ടുപോകുകയാണ്.കഴിഞ്ഞ ഒരു മാസക്കാലമായി കടകൾ ഒന്ന് തുറന്ന് നോക്കാൻ പോലും കഴിയാത്ത വ്യാപാരികൾ നിരവധിയാണെന്നും സംഘടന പറയുന്നു.

നിരവധി തവണ നിവേദനങ്ങളായും, ജനപ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും നേരിൽ കണ്ടും വ്യാപാരികളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു തരത്തിലുള്ള പരിഗണനയും ലഭിച്ചില്ല മാത്രമല്ല അശാസ്ത്രിയമായ നിബന്ധനകളാണ് അധികാരികൾ വ്യാപാര മേഖലയിൽ അടിച്ചേൽപിക്കുന്നത്. ഇതു മൂലം നിരവധി വ്യാപാരികൾ പട്ടിണിയുടെയും, അത്മഹത്യയുടെയും വക്കിലാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ സമരങ്ങൾ നടത്താൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിർബന്ധിതരായിരിക്കുകയാണ് എന്ന് പ്രസ്താവനയിൽ അറിയിച്ചു.

പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി, കട തുറക്കാൻ അനുവാദമില്ലാത്ത വ്യാപാരികൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ടും , ദിവസക്രമവും, സമയക്രമവും പാലിച്ചുകൊണ്ട് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജൂൺ 10ന് വ്യാഴാഴ്ച അവശ്യ സാധനം വിൽപന നടത്തുന്ന കടകൾ ഉൾപ്പടെ മെഡിക്കൽ ഷോപ്പ് ഒഴികെ മുഴുവൻ കടകളും അടച്ചിടുവാനും , അന്നേ ദിവസം യൂണിറ്റ് പരിധിയിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്ക് മുൻപിലും പ്രധാന കവലകളിലും, വീടുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് രാവിലെ 11 മണി മുതൽ 12 മണി വരെ നിൽപ് സമരം നടത്തുവാനും
കാസർകോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരിഫ് , ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, ജില്ലാ ട്രഷറർ മാഹിൻ കോളിക്കര എന്നിവർ അറിയിച്ചു.

0Shares