
കോവിഡ് പ്രതിസന്ധിയിലും ജില്ലയില്‍ പാലുല്‍പാദനത്തില്‍ 35% വളര്‍ച്ച. 2020 ഏപ്രില്‍ മാസത്തില്‍ ജില്ലയിലെ പ്രതിദിന പാല്‍സംഭരണം 55,263 ലിറ്റര്‍ ആയിരുന്നു. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ പ്രതിദിന സംഭരണത്തില്‍ 19196 ലിറ്റര്‍ പാലാണ് ജില്ലയില്‍ കൂടിയത്. 144 ക്ഷീരസംഘങ്ങളില്‍നിന്നായി ഉല്‍പാദിപ്പിച്ചത് 74458 ലിറ്റര്‍ പാല്‍.
ഏറ്റവും കൂടുതല്‍ പ്രതിദിന പാല്‍ സംഭരണം പരപ്പ ബ്ലോക്കിലാണ്-23944 ലിറ്റര്‍. ഇവിടെ 42 ക്ഷീരസംഘങ്ങളുണ്ട്. സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കൊപ്പം കോവിഡ് ലോക്ഡൗണില്‍ കൂടുതല്‍ പേര്‍ ക്ഷീരകൃഷി മേഖലയിലേക്ക് എത്തിയതും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ക്ഷീരകര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി വായ്പ നല്‍കിയതും ക്ഷീരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി. പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്നുള്ളതാണ് ക്ഷീരവികസന വകുപ്പിന്‍റെ ലക്ഷ്യം.

14.67 കോടി രൂപ ക്ഷീരവികസന വകുപ്പിന്‍റെ പദ്ധതികള്‍ പ്രകാരവും 37.52 കോടി രൂപ ത്രിതല പഞ്ചായത്തുകള്‍ മുഖേനയും 13.68 ലക്ഷം രൂപ എസ്‌സിഎ ടു എസ്.സി.പി പദ്ധതി പ്രകാരവും ആകെ 52.33 കോടി രൂപയാണ് കഴിഞ്ഞ 5 വര്‍ഷങ്ങളിലായി ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കു വേണ്ടി ചെലവഴിച്ചിട്ടുള്ളത്.
33 സംഘങ്ങളുള്ള നീലേശ്വരം ബ്ലോക്കില്‍ പ്രതിദിന പാല്‍സംഭരണം 15550 ലിറ്ററാണ്. മറ്റു ബ്ലോക്കുകളിലെ പ്രതിദിന പാല്‍ ഉല്‍പാദനത്തിന്‍റെ വിവരങ്ങള്‍: കാഞ്ഞങ്ങാട് 18 സംഘങ്ങള്‍, 11542 ലിറ്റര്‍, കാറഡുക്ക 20 സംഘങ്ങള്‍, 8902 ലിറ്റര്‍, മഞ്ചേശ്വരം 16 സംഘങ്ങള്‍, 8466 ലിറ്റര്‍, കാസര്‍കോട് 15 സംഘങ്ങള്‍, 6054 ലിറ്റര്‍.
നിലവില്‍ 144 ക്ഷീരസംഘങ്ങളിലൂടെ 8610 ക്ഷീര കര്‍ഷകരാണ് പാല്‍ നല്‍കുന്നത്. ഇവരില്‍ 1959 ക്ഷീര കര്‍ഷകര്‍ക്ക് 9.6 കോടി രൂപയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയായി അനുവദിച്ചത്.
2003-04 കാലഘട്ടത്തില്‍ ജില്ലയിലെ ക്ഷീരസംഘങ്ങളിലൂടെയുള്ള പ്രതിദിന സംഭരണം 13155 ലിറ്റര്‍ ആയിരുന്നുവെങ്കില്‍ 2019-20 വര്‍ഷത്തില്‍ അത് 68175 ലിറ്റര്‍ ആണ്. ജില്ലയിലെ 139 ആപ്‌കോസ്, അഞ്ച് പരമ്പരാഗത സംഘങ്ങളില്‍ നിന്നായി 2020 ഡിസംബര്‍ മാസത്തില്‍ 74,458 ലിറ്റര്‍ പാലാണ് ജില്ലയില്‍ ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ചത്.
ക്ഷീരമേഖലയെ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷീര ഗ്രാമം പദ്ധതി പോലെ നിരവധി പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് താങ്ങായി മാറുകയാണ് ക്ഷീരമേഖല. ക്ഷീരവികസന വകുപ്പിനോടൊപ്പം ത്രിതല പഞ്ചായത്തുകളും ഇന്‍ഷുറന്‍സ് പരിരക്ഷയടക്കം വിവിധ പദ്ധതികളാണ് ക്ഷീര കര്‍ഷകര്‍ക്കായി നടപ്പാക്കുന്നത്.
